BREAKINGKERALA

വന്ദേ ഭാരത് ട്രെയിനിലെ ടിടിഇക്കെതിരെ സ്പീക്കര്‍ എഎന്‍ ഷംസീര്‍; പരാതിയില്‍ നടപടി; ടിക്കറ്റ് എക്‌സാമിനര്‍ക്ക് ചുമതല മാറ്റം

തിരുവനനന്തപുരം : വന്ദേ ഭാരത് എക്സ്പ്രസില്‍ അനധികൃത യാത്ര ചോദ്യം ചെയ്ത ടിക്കറ്റ് എക്‌സാമിനറെ, വന്ദേ ഭാരത് ട്രെയിനിലെ ചുമതലയില്‍ നിന്ന് നീക്കി. അപമര്യാദയായി പെരുമാറിയെന്ന സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാതിയിലാണ് നടപടി. തിരുവനനന്തപുരം റെയില്‍വെ ഡിവിഷണല്‍ മാനേജരാണ് ടിടിഇക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ ചീഫ് ടിടിഇ ജി.എസ് പത്മകുമാറിനെ പിന്തുണച്ച് റെയില്‍വെ ജീവനക്കാരുടെ സംഘടന എസ്ആര്‍എംയു രംഗത്ത് വന്നു.
വെള്ളിയാഴ്ച കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വന്ദേ ഭാരത് എക്സ്പ്രസിലാണ് സംഭവം. സ്പീക്കര്‍ എഎന്‍ ഷംസീറിനൊപ്പം സുഹൃത്തായ ഗണേഷ് എന്നയാളും ട്രെയിനില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഗണേഷിന്റെ പക്കല്‍ ചെയര്‍ കാര്‍ ടിക്കറ്റാണ് ഉണ്ടായിരുന്നത്. എക്‌സിക്യുട്ടീവ് കോച്ചിലാണ് ഷംസീറിന്റെ ടിക്കറ്റ്. ഇതേ കോച്ചില്‍ ഗണേഷും യാത്ര ചെയ്തു. തൃശ്ശൂരിലെത്തിയപ്പോള്‍ ഗണേഷിനോട് ചെയര്‍ കാറിലേക്ക് മാറാന്‍ ടിടിഇ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഗണേഷ് തയ്യാറായില്ലെന്ന് പറയപ്പെടുന്നു. എക്‌സിക്യുട്ടീവ് കോച്ചിലേക്ക് ടിക്കറ്റ് പുതുക്കിയെടുക്കണമെന്ന ആവശ്യത്തോടും ഗണേഷ് മുഖംതിരിച്ചു. കോട്ടയത്ത് എത്തിയപ്പോഴും ഗണേഷിനോട് കോച്ച് മാറാന്‍ ടിടിഇ ആവശ്യപ്പെട്ടു. ഇതോടെ ഗണേഷും ടിടിഇയും തമ്മില്‍ വാക്കേറ്റമുണ്ടായി. ടിടിഇ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് എഎന്‍ ഷംസീറും തര്‍ക്കത്തില്‍ ഇടപെട്ടതായി ആരോപണമുണ്ട്. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഡിവിഷണല്‍ മാനേജര്‍ക്ക് സ്പീക്കര്‍ പരാതി നല്‍കി. തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതിയില്‍ സ്പീക്കര്‍ ആരോപിച്ചത്. ഇതോടെയാണ് പത്മകുമാറിനെ വന്ദേ ഭാരത് ചുമതലയില്‍ നിന്ന് നീക്കിയത്.
ടിടിഇ ജി.എസ് പത്മകുമാര്‍ മോശമായി പെരുമാറിയെന്നും സ്പീക്കറാണെന്ന് പറഞ്ഞിട്ടും പദവിയെ പോലും ബഹുമാനിക്കാന്‍ തയ്യാറായില്ലെന്നുമാണ് സ്പീക്കറുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍ പത്മകുമാറിനെതിരെ നടപടി അംഗീകരിക്കില്ലെന്ന് ജീവനക്കാരുടെ സംഘടന വ്യക്തമാക്കി. കൃത്യമായി ജോലി ചെയ്തതിനുള്ള ശിക്ഷയാണ് പത്മകുമാറിന് കിട്ടിയതെന്ന് ആരോപിച്ച് എസ്ആര്‍എംയു നേതാക്കള്‍ ഡിവിഷണല്‍ മാനേജര്‍ക്ക് പരാതി നല്‍കി.

Related Articles

Back to top button