തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരേ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വയനാട്ടിലേതിനെക്കാള്‍ ചെറിയ ദുരന്തം നടന്ന സംസ്ഥാനങ്ങള്‍ക്ക് പോലും കേന്ദ്രം സഹായം നല്‍കിയെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ പുനരധിവാസത്തിന് ദേശീയ-അന്തര്‍ദേശീയ സഹായങ്ങള്‍ ലഭിക്കുമായിരുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
നേരത്തേ, പ്രളയദുരന്ത പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും ദുരിതാശ്വാസ ഫണ്ട് സഹായമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍ നിഷേധാത്മക നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഗോവിന്ദന്‍ ആരോപിച്ചു. കേരളത്തിന്റെ പൊതുതാല്‍പര്യത്തോടൊപ്പം കേന്ദ്രസര്‍ക്കാര്‍ നില്‍ക്കുന്നില്ല എന്നതുമാത്രമല്ല, നേരെ വിപരീതമായ നിലപാടാണ് സ്വീകരിക്കുന്നത്.
ഇത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. കേന്ദ്രനിലപാടുകള്‍ക്കെതിരായ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. പ്രളയകാലത്ത് സാലറി ചലഞ്ചിനെ പോലും എതിര്‍ത്ത യുഡിഎഫ്, ഇക്കാര്യത്തിലും കേരളത്തിന്റെ പൊതുതാല്‍പര്യത്തൊടൊപ്പമല്ലെന്നും ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ബിജെപിയും യുഡിഫും ഒന്നിച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ബിജെപി കള്ളപ്പണത്തില്‍ കുളിച്ച് നില്‍ക്കുകയാണെന്നും ഷാഫിക്ക് നാല് കോടി കൊടുത്തു എന്ന് കെ. സുരേന്ദ്രന്‍ പറയുന്നത് ഇവര്‍ തമ്മിലുള്ള ഡീല്‍ വെളിവാക്കുന്നതാണെന്നും ഗോവിന്ദന്‍ ആരോപിച്ചു. കള്ളപ്പണ ഉപയോഗത്തിന്റ കാര്യത്തില്‍ കോണ്‍ഗ്രസ് ബിജെപിയുടെ തൊട്ട് പിന്നിലുണ്ടെന്ന് പാലക്കാട് സംഭവത്തില്‍ നിന്നും മനസിലായി. പ്രതിപക്ഷ നേതാവിന്റെ പ്രസ്താനകള്‍ പരിശോധിച്ചാല്‍ എല്‍.ഡി.എഫിനെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാലക്കാടും തൃശ്ശൂരും വടകരയും ചേര്‍ന്നുള്ള ഒരു ഡീല്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
കൊടകര കേസില്‍ 28 പ്രതികളെ അറസ്റ്റുചെയ്യുകയും കേസ് ഫലപ്രദമായി കേരള പോലീസ് കൈകാര്യം ചെയ്യുകയുമുണ്ടായി. എന്നാല്‍ കേരളാ പോലീസിന് ഇടപെടാന്‍ സാധിക്കാത്ത കള്ളപ്പണവുമായി ബന്ധപ്പെട്ട കേസ്, കേന്ദ്ര ഏജന്‍സികള്‍ക്ക് അയച്ചിട്ടും ഒരു നിലപാട് സ്വീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതിനെതിരായി ശക്തമായ നിലപാട് സ്വീകരിക്കാന്‍ യുഡിഎഫ് തയ്യാറാകുന്നില്ല’, അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി നടക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഒന്‍പത് പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി. കോണ്‍ഗ്രസുകാര്‍ രാജിവെച്ചു ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പാലക്കാട് തിരഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പിടിച്ചെടുക്കും. പാലക്കാട് ജനത എല്‍ഡിഎഫിന് അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നു. പാലക്കാട് നടക്കുന്നത് എല്‍.ഡി.എഫ്- യു.ഡി.എഫ് പോരാട്ടമാണ്. ബിജെപി മൂന്നാം സ്ഥാനത്തേയ്ക്ക് പോകുമെന്നും കഴിഞ്ഞ തവണ ഇ. ശ്രീധരന് കിട്ടിയ വോട്ട് ബി.ജെ.പിക്കും ഷാഫിക്ക് കിട്ടിയ വോട്ട് യു.ഡി.എഫിനും ഇത്തവണ കിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
75 1 minute read