BREAKINGKERALANEWS
Trending

വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 338 ആയി

വയനാട്ടിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം മുന്നൂറു കടന്നു. 338 പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ രക്ഷാപ്രവർത്തനത്തിന് വേഗം വന്നിട്ടുണ്ട്. യന്ത്ര സഹായത്തോടെ ഇന്നുച്ചവരെ നടത്തിയ പരിശോധനയിൽ ഒമ്പത് മൃതദേഹങ്ങളും അഞ്ച് മൃതദേഹ ഭാഗങ്ങളും കണ്ടെടുത്തു. ചൂരൽമലയിൽ നിന്നുമാത്രം നാലു മൃതദേഹങ്ങൾ കൂടി ലഭിച്ചു.

തെരച്ചിൽ തുടരുന്നതിനിടെ പടവെട്ടിക്കുന്നിൽ നാലുപേരെ സൈന്യം ജീവനോടെ കണ്ടെത്തിയിരുന്നു. രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് കണ്ടെത്തിയത്. ഇതിൽ ഒരു സ്ത്രീയുടെ കാലിന് ഗുരതരമായി പരിക്കേറ്റിരുന്നു. എയർ ലിഫ്റ്റിംഗിലൂടെ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ചൂരൽമലയിലേതുൾപ്പടെ കൂടുതൽ ഭാഗങ്ങളിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

ആറുസോണുകളാക്കി തിരിച്ചാണ് പരിശോധന. ഹിറ്റാച്ചികളും കട്ടിംഗ് മെഷീനുകളും ഉപയോഗിച്ചാണ് തിരച്ചിൽ. തകർന്ന വീടുകളിൽ ആളുകളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ചാലക്കുടി പുഴയിലും തെരച്ചിൽ തുടരുകയാണ്. പുഴയുടെ നാൽപ്പത് കിലോമീറ്റർ പരിധിയിലാണ് തെരച്ചിൽ നടത്തുന്നതെന്നാണ് റിപ്പോർട്ട്. ഇന്ന് മലപ്പുറത്ത് പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ദുരന്തത്തിന് ഇരകളായ 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

അതേസമയം, ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 199 മാത്രമാണ്. 89 പുരുഷന്മാർ, 82 സ്ത്രീകളും 28 കുട്ടികളും മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. 133 മൃതദേഹങ്ങളാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. 130 സരീര ഭാഗങ്ങളാണ് കണ്ടെടുത്തത്. 181 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോൾ 130 ശരീര ഭാഗങ്ങളുടെ പോസ്റ്റുമോര്‍ട്ടവും പൂർത്തിയായിട്ടുണ്ട്.

Related Articles

Back to top button