BREAKINGENTERTAINMENT

വിവാഹമോചനത്തിന് ഏറ്റവും പിന്തുണ നല്‍കിയത് മക്കള്‍- വിജയ് യേശുദാസ്

സിനിമാലോകത്ത് വിവാഹമോചന വാര്‍ത്തകള്‍ പുത്തരിയല്ല. പരസ്പരം പഴിചാരുന്നവരും ഒന്നും മിണ്ടാതെ പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ തെറ്റ് തന്റെ ഭാഗത്താണെന്ന് സമ്മതിക്കുന്നവര്‍ തീരേ കുറവായിരിക്കും. അത്തരത്തില്‍ ഒരാളാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട ഗായകന്‍ വിജയ് യോശുദാസ്. വിവാഹജീവിതത്തില്‍ തെറ്റ് സംഭവിച്ചത് തനിക്കാണെന്നും മക്കള്‍ക്ക് അത്തരം തെറ്റുകള്‍ സംഭവിക്കരുത് എന്ന ആഗ്രഹം കൊണ്ടാണ് ആ തെറ്റുകളെപ്പറ്റി നിരന്തരം സംസാരിക്കുന്നതെന്നും തുറന്നുപറയുകയാണ് വിജയ്.
ഒരു യൂട്യൂബ് ചാനലിനുനല്‍കിയ അഭിമുഖത്തിലാണ് വിജയ് വിവാഹമോചനത്തെ സംബന്ധിച്ച വാര്‍ത്തകളെക്കുറിച്ചും അതിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും തുറന്നുസംസാരിച്ചത്. അച്ഛനും അമ്മയ്ക്കും ഇക്കാര്യം അംഗീകരിക്കാന്‍ മടിയായിരുന്നെന്നും അതേസമയം, മക്കള്‍ തനിക്കും ദര്‍ശനയ്ക്കും വലിയ പിന്തുണയാണ് തരുന്നതെന്നും വിജയ് പറയുന്നു. തെറ്റുകള്‍ തന്റെ ഭാഗത്താണ് എന്ന് സമ്മതിക്കാന്‍ മടിയില്ലെന്നും കുടുംബജീവിതത്തില്‍ ഒരാള്‍ എങ്ങനെയാകരുത് എന്ന് മക്കള്‍ മനസിലാക്കാന്‍ വേണ്ടിയാണ് തെറ്റുകള്‍ തുറന്നുസമ്മതിക്കുന്നതെന്നും വിജയ് അഭിമുഖത്തില്‍ പറയുന്നു.
‘അച്ഛനെയും അമ്മയേയും ഇക്കാര്യം പറഞ്ഞുമനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. അവര്‍ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ അങ്ങനെയാണ്. നമ്മളെ പോലെ പെട്ടെന്ന് തീരുമാനമെടുക്കാനും നടപ്പിലാക്കാനും ഒന്നും അവര്‍ക്കാവില്ല. പക്ഷേ, എന്നെയും ദര്‍ശനയേയും സംബന്ധിച്ചിടത്തോളം നല്ല സാഹചര്യത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. ഇതാണ് നല്ലതെന്ന് ഞങ്ങള്‍ക്കറിയാം. മോള്‍ക്ക് കാര്യങ്ങള്‍ അറിയാം, അവള്‍ക്ക് നമ്മള്‍ പറയുന്ന കാര്യങ്ങള്‍ മനസിലാകുന്നുമുണ്ട്. പക്ഷേ മോന്റെ കാര്യം അങ്ങനെയല്ല. അവന്‍ കുറച്ചുകൂടി കുഞ്ഞാണ്. ചില സംശയങ്ങളൊക്കെ ചോദിക്കും.
എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് അവരോട് രണ്ടുപേരോടും പറയാറുണ്ട്. ജീവിതത്തില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കരുത്, ഒരാള്‍ എങ്ങനെയാകരുത് എന്നൊക്കെ അവര്‍ പഠിക്കാന്‍ വേണ്ടിയാണ് അവരോട് എനിക്ക് സംഭവിച്ച് തെറ്റുകള്‍ തുറന്നുപറയുന്നത്. എന്നോട് ഇതേപ്പറ്റി ചോദിക്കുന്നവരോടും എന്റെ ഭാഗത്താണ് തെറ്റെന്ന് ഞാന്‍ സമ്മതിക്കാറുണ്ട്. നിന്റെ ഭാഗത്താണ് തെറ്റെങ്കിലും അതിങ്ങനെ പറഞ്ഞുനടക്കേണ്ടെന്ന് പലരും ഉപദേശിക്കാറുണ്ട്. എന്റെ തെറ്റല്ലേ, അപ്പൊ അത് ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം ഞാന്‍ കാണിക്കണ്ടേ’, വിജയ് ചോദിക്കുന്നു.
നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക് അതിന്റെ വില കൊടുക്കേണ്ടിവരും എന്ന് മക്കള്‍ മനസിലാക്കേണ്ടതുണ്ടെന്നും ഭാവിയില്‍ അവരെ ഉപദേശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിമുഖത്തില്‍ വിജയ് പറയുന്നു. മാത്രമല്ല അവരെ തന്റെ പാത പിന്തുടരാന്‍ നിര്‍ബന്ധിക്കുകയില്ലെന്നും വിജയ് കൂട്ടിച്ചേര്‍ക്കുന്നു. അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2007-ലാണ് വിജയ്യും ദര്‍ശനയും വിവാഹിതരായത്. അമേയ, അവ്യാന്‍ എന്നിവരാണ് മക്കള്‍. അമേയയ്ക്ക് 15-ഉം അവ്യാന് 9-ഉം വയസാണ്.

Related Articles

Back to top button