പ്രിയപ്പെട്ടവരുടെ സന്തോഷങ്ങള്‍ക്കായി അവരറിയാതെ ചില സര്‍പ്രൈസുകള്‍ കരുതിവയ്ക്കുന്നവരാണ് നമ്മില്‍ പലരും. അത്തരത്തിലുള്ള നിരവധി സന്തോഷ നിമിഷങ്ങളുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഓരോ ദിവസവും പങ്കു വയ്ക്കപ്പെടാറുണ്ട്. അത്തരത്തില്‍ ഏറെ മനോഹരമായ ഒരു വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റ് തന്റെ ഭാര്യയ്ക്കായി ഒരുക്കിയ സര്‍പ്രൈസിന്റെ വീഡിയോയായിരുന്നു ഇത്. വിമാനം പറത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ മൈക്രോഫോണിലൂടെ അതേ വിമാനത്തിലെ തന്നെ യാത്രക്കാരിയായ തന്റെ ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞ ഏതാനും വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. അപ്രതീക്ഷിതമായ ആ അറിയിപ്പില്‍ ഭാര്യ മാത്രമല്ല വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരും അത്ഭുതപ്പെട്ടു.
തീര്‍ത്തും അപ്രതീക്ഷിതമായി യാത്രക്കാര്‍ കേട്ട പൈലറ്റിന്റെ അറിയിപ്പ് ഇങ്ങനെയായിരുന്നു; ‘ഇന്‍ഡിഗോയെ നിങ്ങളുടെ യാത്രാ പങ്കാളിയായി തിരഞ്ഞെടുത്തതിന് നന്ദി. ഭാവിയിലും നിങ്ങളോടൊപ്പം വീണ്ടും സഞ്ചരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കൂടാതെ, ഇന്ന് വിമാനത്തിലുള്ള ഒരു പ്രത്യേക യാത്രക്കാരിക്ക് വേണ്ടി ഒരു പ്രത്യേക അറിയിപ്പ് നടത്താന്‍ ഈ അവസരം വിനിയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഭാര്യ വിഭാ ശര്‍മ്മ, അവള്‍ ആദ്യമായി എന്നോടൊപ്പം പറക്കുകയാണ്, നീ വിമാനയാത്ര ആസ്വദിക്കുകയാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വിജയങ്ങളിലും പരാജയങ്ങളിലും എനിക്ക് കൂട്ടായതിന് നന്ദി. എന്റെ ഏറ്റവും ശക്തിയുള്ള പിന്തുണയായി കൂടെ നില്‍ക്കുന്നതിന് അതിലേറെ നന്ദി’
ഈ അപൂര്‍വ്വ നിമിഷത്തിന്റെ വീഡിയോ വിഭാ ശര്‍മ്മ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ അല്പസമയത്തിനുശേഷം അത് നീക്കം ചെയ്തതായാണ് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘എന്റെ ഭര്‍ത്താവ് വിമാനത്തിനുള്ളിലെ അറിയിപ്പുകൊണ്ട് എന്നെ അത്ഭുതപ്പെടുത്തി, ഞാന്‍ അദ്ദേഹവുമായി വീണ്ടും പ്രണയത്തിലായി’ എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. വിമാനത്തില്‍ കയറുന്നതിനു മുന്‍പ് ദമ്പതികള്‍ എടുത്ത ഫോട്ടോകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
76 1 minute read