BREAKINGNATIONAL
Trending

‘വെജിറ്റേറിയന്‍’ ഉത്പന്നത്തില്‍ മത്സ്യത്തില്‍നിന്നുള്ള ഘടകവും; പതഞ്ജലിക്കും രാംദേവിനും നോട്ടീസയച്ച് കോടതി

ന്യൂഡല്‍ഹി: വെജിറ്റേറിയന്‍ എന്നപേരില്‍ വില്‍ക്കുന്ന ഉത്പന്നത്തില്‍ സസ്യേതര ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് പതഞ്ജലി ആയുര്‍വേദയ്ക്കെതിരേ ഹര്‍ജി. ബ്രാന്‍ഡിന്റെ ഹെര്‍ബല്‍ ടൂത്ത് പൗഡറായ ‘ദിവ്യ മന്‍ജന്‍’ എന്ന ഉത്പന്നത്തില്‍ മത്സ്യത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഘടകങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഹര്‍ജി പരിഗണിച്ച കോടതി പതഞ്ജലി ആയുര്‍വേദ, ബാബ രാംദേവ്, കേന്ദ്ര സര്‍ക്കാര്‍, പതഞ്ജലി ദിവ്യ ഫാര്‍മസി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
വെജിറ്റേറിയനും സസ്യാധിഷ്ടിതവുമായ ആയുര്‍വേദ ഉത്പന്നമെന്ന നിലയില്‍ പരസ്യം നല്‍കി വില്‍ക്കുന്ന ഈ ടൂത്ത് പൗഡര്‍ താന്‍ ദീര്‍ഘകാലമായി ഉപയോഗിക്കുന്നുണ്ടെന്ന് പരാതിക്കാരന്‍ പറയുന്നു. എന്നാല്‍, അടുത്തിടെ നടന്ന പഠനങ്ങളില്‍ തെളിഞ്ഞത് ഈ ഉത്പന്നത്തില്‍ ‘സമുദ്രഫെന്‍’ എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്നാണ്. ഇത് മത്സ്യത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്നതാണ്.
പതഞ്ജലിയുടെ പാക്കിങ്ങില്‍ വെജിറ്റേറിയന്‍ ഉത്പന്നമാണെന്ന് സൂചിപ്പിക്കുന്ന പച്ച നിറത്തിലുള്ള അടയാളമുണ്ട്. ഇത് ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ടിന്റെ ലംഘനമാണെന്നും സസ്യേതര ഭക്ഷണം കഴിക്കുന്നത് മതവിശ്വാസപ്രകാരം നിരോധിച്ചിരിക്കുന്നതിനാല്‍ ഈ കണ്ടെത്തല്‍ തനിക്കും കുടുംബത്തിനും പ്രയാസമുണ്ടാക്കിയെന്നുമാണ് പരാതിക്കാരന്റെ വാദം. നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ദിവ്യ മന്‍ജന്‍ എന്ന ഉത്പന്നത്തില്‍ സസ്യേതര ഘടകമായ സമുദ്രാഫെന്‍ അടങ്ങിയിട്ടുണ്ടെന്ന് പതഞ്ജലിയുടെ ഉടമകളിലൊരാളായ ബാബ രാംദേവ് ഒരു യുട്യൂബ് വീഡിയോയില്‍ സമ്മതിക്കുന്നുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു.

Related Articles

Back to top button