തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള പൊതുതെളിവെടുപ്പുകള്‍ സെപ്റ്റംബര്‍ മാസത്തില്‍ നടത്തുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകള്‍ പരിഷ്‌ക്കരിക്കുന്നതിനുള്ള അപേക്ഷ റെഗുലേറ്ററി കമ്മീഷന് മുമ്പാകെ കെഎസ്ഇബി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്മേല്‍ തീരുമാനം എടുക്കുന്നതിനുള്ള പൊതു തെളിവെടുപ്പാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നടത്താന്‍ പോകുന്നത്.
നേരത്തെ 2023 നവംബര്‍ 01 മുതല്‍ 2024 ജൂണ്‍ 30 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് ശേഷം 2024 ജൂലൈ 01 മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കെ.എസ്.ഇ.ബിയോട് നിര്‍ദേശിച്ചു. കെഎസ്ഇബി ഇത് സംബന്ധിച്ച നിര്‍ദേശം റെഗുലേറ്ററി കമ്മീഷന്‍ നല്‍കി. ഇതിന്റെ കോപ്പി www.erckerala.org എന്ന വെബ്‌സൈറ്റില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം. കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റിലും ഇത് ലഭ്യമാണ്.
പൊതുജനങ്ങളുടെയും മറ്റ് തത്പരകക്ഷികളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനുവേണ്ടിയുള്ള പൊതുതെളിവെടുപ്പ് സെപ്റ്റംബര്‍ 3, 4, 5, 10 തീയതികളിലായിരിക്കും നടക്കുന്നത്. സെപ്റ്റംബര്‍ 3ന് രാവിലെ 11ന് കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോം, 4ന് രാവിലെ 11ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാള്‍, 5ന് രാവിലെ 10.30ന് കൊച്ചി കോര്‍പ്പറേഷന്‍ ടൗണ്‍ഹാള്‍, 10ന് രാവിലെ 10.30ന് തിരുവനന്തപുരം പിഎംജിയിലെ പ്രിയ ദര്‍ശിനി പ്ളാനിറ്റോറിയം കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക.
പൊതുതെളിവെടുപ്പില്‍ പൊതുജനങ്ങള്‍ക്കും, മറ്റ് എല്ലാ കക്ഷികള്‍ക്കും നേരിട്ട് പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. തപാല്‍ മുഖേനയും ഇ-മെയില്‍ (kserc@erckerala.org) മുഖേനയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. തപാല്‍ /ഇ-മെയില്‍ (kserc@erckerala.org) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി.രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10ന് വൈകിട്ട് 5 വരെ സ്വീകരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.
95 1 minute read