ഒല ഇലക്ട്രിക് സ്‌കൂട്ടറിനെതിരെ നിരവധി പരാതികള്‍ അടുത്ത കാലത്ത് ഉയരുന്നുണ്ട്. അതിനിടെ ഒലയുടെ ഷോറൂമിന് പുറത്ത് യുവാവ് ഇലക്ട്രിക് സ്‌കൂട്ടര്‍ ചുറ്റിക കൊണ്ട് അടിച്ചു തകര്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വാഹനം വാങ്ങി ഒരു മാസത്തിനുള്ളില്‍ സര്‍വീസ് സെന്റര്‍ 90,000 രൂപയുടെ ബില്‍ നല്‍കിയതിലെ നിരാശയാണ് യുവാവിനെ കൊണ്ട് കടുംകൈ ചെയ്യിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച യുവാവ് ഷോറൂമിന് മുന്നില്‍ സ്‌കൂട്ടര്‍ മറിച്ചിട്ട് ചുറ്റിക കൊണ്ട് നിരവധി തവണ അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റുള്ളവരും യുവാവിനൊപ്പം ചേര്‍ന്നു. അവര്‍ ചുറ്റിക വാങ്ങി സ്‌കൂട്ടര്‍ അടിച്ചുതകര്‍ക്കാന്‍ യുവാവിനെ സഹായിച്ചു. എന്താണ് യുവാവിന്റെ രോഷത്തിന് കാരണമെന്ന് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നയാള്‍ പറയുന്നത് ഇതിനിടെ കേള്‍ക്കാം. യുവാവ് ഒരു മാസം മുന്‍പാണ് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. സര്‍വീസ് സെന്റര്‍ അദ്ദേഹത്തിന് 90,000 രൂപയുടെ ബില്‍ നല്‍കി. ആ നിരാശ കാരണമാണ് ഷോറൂമിന് മുന്‍പില്‍ കൊണ്ടുവന്നിട്ട് സ്‌കൂട്ടര്‍ തകര്‍ത്തതെന്നാണ് വീഡിയോ എടുത്തയാള്‍ പറയുന്നത്.
നേരത്തെ ഒലയുടെ മോശം സര്‍വീസിനെതിരെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഒലയുടെ സര്‍വീസ് സെന്ററില്‍ നന്നാക്കാതെ പൊടിപിടിച്ച് കിടക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ചിത്രം പുറത്തുവിട്ടാണ് കുനാല്‍ വിമര്‍ശനം ഉന്നയിച്ചത്. പിന്നാലെ ഒല സിഇഒ ഭാവിഷ് അഗര്‍വാള്‍ കുനാലിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചു. പണം വാങ്ങിയാണ് കുനാല്‍ ട്വീറ്റ് ചെയ്യുന്നത് എന്നായിരുന്നു ആരോപണം. കുനാലിനെ കമ്പനിയിലേക്ക് ക്ഷണിക്കുന്നുവെന്നും സര്‍വീസ് സെന്ററിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ട്വീറ്റിന് വാങ്ങുന്ന പണത്തേക്കാളും പരാജയപ്പെട്ട കോമഡി കരയറിനേക്കാളും കൂടുതല്‍ തുക നല്‍കാമെന്നും പരിഹസിച്ചു. പിന്നാലെ പണം വാങ്ങിയെന്ന് തെളിയിച്ചാല്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് വീട്ടില്‍ മിണ്ടാതിരിക്കുമെന്ന് കുനാല്‍ മറുപടി നല്‍കി.
76 1 minute read