നിയമവിരുദ്ധമായി സർക്കാർ ബോർഡും ബീക്കണ്‍ ഫ്ലാഷ് ലൈറ്റുമായി യാത്ര ചെയ്ത വ്യവസായ വകുപ്പ് പ്രില്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് കുടുങ്ങി. ആലുവ ഫ്ലൈഓവറിലൂടെ ഫ്ലാഷ് ലൈറ്റ് കത്തിച്ച് ചീറി പാഞ്ഞ വാഹനത്തിന്റെ ചിത്രം ഹൈക്കോടതി ജഡ്ജിമാരാണ് പകർത്തിയത്. തുടർന്ന് വാഹനം ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയിക്കാൻ കോടതി സർക്കാർ അഭിഭാഷകനോട് നിർദ്ദേശിച്ചു.
ഇന്നോവ കാർ കൊല്ലത്തെ പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്‍ എംഡിയുടെതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വ്യവസായ വകുപ്പ് പ്രില്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ആണ് ഇത് ഉപയോഗിക്കുന്നതെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനത്തിന്റെ കാറില്‍ സർക്കാർ ബോർഡ് വെച്ചതും നിയവിരുദ്ധമായി ലൈറ്റ് സ്ഥാപിച്ചതുമടക്കം ഗുരുതര നിയലംഘനമാണ് ഐഎഎസ് ഉദ്യോഗസ്ഥൻ നടത്തിയതെന്നും സർക്കാർ കോടതിക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
കെഎംഎംഎല്ലിന്റെ വാഹനം നിലവില്‍ എംവിഡി എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ്. വാഹനം വിട്ടു കിട്ടണമെന്ന സർക്കാർ ആവശ്യം കോടതി പരിഗണിച്ചില്ല. വാഹനങ്ങളില്‍ നിയമവിരുദ്ധമായ ഫ്ലാഷ് ലൈറ്റുകളും ബോർഡുകളും വെച്ച് വിലസുന്നതിന് എതിരെ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രൻ അദ്ധ്യക്ഷനായ ബഞ്ച് നേരത്തെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാർക്ക് അടക്കം ലൈറ്റുകള്‍ അഴിച്ച് വെക്കേണ്ടി വന്നത്.