വിഴിഞ്ഞം: ട്രയല്‍ റണ്‍ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് കൊളൊംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പല്‍ തുറമുഖത്തിന്റെ പുറംകടലില്‍ നങ്കൂരമിട്ടിട്ടുണ്ട്. വിഴിഞ്ഞത്ത് ആദ്യമെത്തിയ സാന്‍ ഫര്‍ണാണ്ടോ മടങ്ങിയതിന് ശേഷമായിരിക്കും ബര്‍ത്തിംഗ്. ഉച്ചയ്ക്ക് ഒരു മണിയോടെ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ തുറമുഖം വിടും.
സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്ന് ആകെ 1930 കണ്ടെയ്‌നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതില്‍ 607 കണ്ടെയ്‌നറുകള്‍ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷന്‍ ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിന് ശേഷമാകും കപ്പലിന്റെ മടക്കം. ട്രയല്‍ റണ്ണായതിനാല്‍ വളരെ സാവകാശമായിരുന്നു കണ്ടെയ്‌നറുകള്‍ ഇറക്കിയതും കയറ്റിയതും. വ്യാഴാഴ്ചയാണ് കപ്പല്‍ വിഴിഞ്ഞത്ത് എത്തിയത്.
ട്രയല്‍ റണ്ണിനായി വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പലുകള്‍ എത്തുമ്പോള്‍ വാനോളം പ്രതീക്ഷകളാണ് ഏവര്‍ക്കും. വിഴിഞ്ഞം കേരളത്തിന്റെയും ഇന്ത്യയുടേയും ഗതിമാറ്റിമറിക്കും. ഇന്ത്യയിലേക്ക് കപ്പല്‍ വഴിയുള്ള ചരക്ക് ഗതാഗതമേറയും സിംഗപ്പൂരും കൊളംബോയും വഴിയാണ്. കൂറ്റന്‍ ചരക്കുകള്‍ അവിടെ നിന്ന് ഫീഡര്‍ കപ്പലിലൂടെ രാജ്യത്തേക്കെത്തിക്കുന്നത് വഴിയുള്ള സമയനഷ്ടവും ധനനഷ്ടവും ഇനി പഴങ്കഥയാവും. വിഴിഞ്ഞത്ത് മദര്‍ഷിപ്പുകള്‍ നേരിട്ടെത്തും. വിഴിഞ്ഞം വഴി ചരക്കുകള്‍ മറ്റിടങ്ങളിലേക്ക് പോകും. അന്താരാഷ്ട്രാ കപ്പല്‍ ചാലിന് അടുത്ത ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖാമായ വിഴിഞ്ഞം തുറമുഖ സര്‍ക്യൂട്ടിലെ നിര്‍ണ്ണായക കേന്ദ്രമാകും.
ആദ്യഘട്ട കമ്മീഷന്‍ പൂര്‍ത്തിയാകുന്ന ഈ വര്‍ഷം തന്നെ അടുത്ത ഘട്ടവും തുടങ്ങും. അദാനി പൂര്‍ണ്ണമായും പണം മുടക്കുന്ന രണ്ടാം ഘട്ടം 2028ല്‍ തീര്‍ക്കും. 4 വര്‍ഷം കൊണ്ട് 9600 കോടിയുടെ നിക്ഷേപമാണ് കേരളതീരത്തേക്ക് വരുന്നത്. പക്ഷെ റോഡ്-റെയില്‍ കണക്ടീവിറ്റിയാണ് പ്രശ്‌നം. സ്ഥലമേറ്റെടുക്കല്‍ കടമ്പ. തുറമുഖം മുന്നില്‍ കണ്ടുള്ള റിംഗ് റോഡ് പദ്ധതികളും ഒന്നുമായില്ല. കമ്മീഷന്‍ ചെയ്ത് 15 ആം വര്‍ഷം മുതല്‍ ലാഭമെന്നാണ് കണക്ക്. വളരെ വൈകിയെങ്കിലും ഒടുവില്‍ കപ്പലെത്തുമ്പോള്‍ ബാക്കി പ്രതിസന്ധികളും മറികടന്നുള്ള കുതിപ്പിനാണ് കാത്തിരിപ്പ്.