ദേവകുമാറിന്റെ മകനെന്ന് പറയുന്നത് രാഷ്ട്രീയമായി ചെറുപ്പം മുതലെ ഞങ്ങളുടെ കൂടെ നില്‍ക്കുന്നയാളാണ്. കൃത്യമായ രാഷ്ട്രീയ നിലപാടുള്ളയാള്‍. ദേവകുമാറും നമ്മളുമൊക്കെയായുള്ള ബന്ധം എല്ലാവര്‍ക്കുമറിയാമല്ലോ. അതിന്റെ ഭാഗമായി, അയാള്‍ പറഞ്ഞപ്പോള്‍ ഒരു ഇന്റര്‍വ്യൂ ആകാമെന്ന് കരുതി. അയാളും രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാകാം ആവശ്യപ്പെട്ടിട്ടുണ്ടാകുക. മറ്റുകാര്യങ്ങള്‍ അവര്‍ തമ്മില്‍ തീരുമാനിക്കട്ടെ. എനിക്കറിയില്ല – പിആര്‍ ഏജന്‍സി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രതികരണമാണിത്. സിപിഎം നേതാവും ഹരിപ്പാട് മുന്‍ എംഎല്‍എയുമായിരുന്ന ദേവകുമാറിന്റെ മകന്‍ ടിഡി സുബ്രമണ്യനെ കുറിച്ചാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇത്രയും ലളിതമായി മുഖ്യമന്ത്രി സുബ്രമണ്യനുമായുള്ള ബന്ധം പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്. ആരാണ് സുബ്രമണ്യന്‍. എന്താണ് ഇയാള്‍ക്ക് സിപിഎമ്മും മുഖ്യമന്ത്രിയുമായി ബന്ധം? ഡല്‍ഹി കേരളഹൗസില്‍ ദി ഹിന്ദു ദിനപത്രവുമായി അഭിമുഖം നടക്കുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ടി.ഡി. സുബ്രഹ്‌മണ്യനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സി.പി.എം. ദേശീയനേതൃത്വത്തിലുള്ളവരുമായും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായും ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുവഴി, മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ പി.ആര്‍. ദൗത്യത്തിന് സുബ്രഹ്‌മണ്യനെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നും സൂചനയുണ്ട്. കൈസണ്‍ കമ്പനി സി.ഇ.ഒ. വിനീത് ഹണ്ടയാണ് ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍. ദി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശഭാഗം ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത് ഈ സുബ്രഹ്‌മണ്യനാണ്.
91 Less than a minute