BREAKINGNATIONAL

സ്‌കൂട്ടറുകള്‍ തമ്മിലുരസി, തെറ്റായ ദിശയില്‍ വന്നത് ചൂണ്ടിക്കാണിച്ച ഗര്‍ഭിണിയായ അഭിഭാഷകയ്ക്കും ഭര്‍ത്താവിനും മര്‍ദ്ദനം

ഇന്‍ഡോര്‍: സ്‌കൂട്ടര്‍ ഇരുചക്രവാഹനവുമായി ഉരസി. ഗര്‍ഭിണിയായ അഭിഭാഷകയ്ക്കും ഭര്‍ത്താവിനും ക്രൂരമര്‍ദ്ദനം. ഇന്‍ഡോറിലെ ആനന്ദ്ബസാര്‍ മേഖലയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അഭിഭാഷകയുടെ ഭര്‍ത്താവ് ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് രണ്ട് യുവാക്കളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിക്കുന്നത്.
അപകടത്തില്‍ ഇരുവാഹനങ്ങളും മറിഞ്ഞു വീണുവെങ്കിലും ആര്‍ക്കും അപകട സംഭവിച്ചിരുന്നില്ല. എന്നാല്‍ തെറ്റായ ദിശയില്‍ നിന്ന് എത്തിയതിന് അഭിഭാഷകയുടെ ഭര്‍ത്താവ് ചോദ്യം ചെയ്തതോടെ യുവാക്കള്‍ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. യുവാക്കളുടെ സുഹൃത്തുക്കള്‍ കൂടി സംഭവ സ്ഥലത്തേക്ക് എത്തിയതിന് പിന്നാലെ ദമ്പതികളെ വലിച്ചിഴച്ച് സമീപത്തെ കെട്ടിടത്തിലെത്തിച്ചായിരുന്നു യുവാക്കളുടെ അക്രമം.
ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് അഭിഭാഷകയ്ക്ക് മര്‍ദ്ദനമേറ്റത്. അസഭ്യ വര്‍ഷത്തോടെ ബെല്‍റ്റിന് അടിക്കാന്‍ തുടങ്ങിയപ്പോള്‍ യുവതി ഗര്‍ഭിണിയാണെന്ന് വ്യക്തമാക്കിയെങ്കിലും യുവാക്കള്‍ അക്രമം നിര്‍ത്തിയില്ല. യുവാക്കളിലൊരാള്‍ അഭിഭാഷകയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ഭിത്തിയിലേക്ക് ചേര്‍ത്തുനിര്‍ത്തിയതോടെ ഒപ്പമുള്ളവര്‍ ആക്രമിക്കുകയായിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് ബഹളം കേട്ട് ഇവിടേക്ക് നാട്ടുകാരിലൊരാള്‍ എത്തിയതോടെയാണ് അക്രമികള്‍ ദമ്പതികളെ ഉപേക്ഷിച്ച് ഓടിയത്. ഇയാളുടെ സഹായത്തോടെയാണ് ദമ്പതികള്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയത്.
അക്രമികളില്‍ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയിട്ടുണ്ട്. കൊലപാതക ശ്രമം അടക്കമുള്ള കുറ്റമാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. അക്രമികളിലൊരാള്‍ ഒളിവില്‍ പോയിരിക്കുകയാണ് ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Related Articles

Back to top button