BREAKINGKERALA
Trending

സ്റ്റേജില്‍ മതിയായ സ്ഥലമില്ല, ബലമുള്ള കൈവരികളില്ല; വേദി നിര്‍മിച്ചതില്‍ സുരക്ഷാ വീഴ്ചയെന്ന് എഫ്‌ഐആര്‍

കൊച്ചി: ഉമ തോമസ് എംഎല്‍എ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണ് അപകടംപറ്റിയ സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്‌ഐആര്‍. സ്റ്റേജ് നിര്‍മിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. ബിഎന്‍സ് 125, 125 (ബി), 3 (5) എന്നിവ അനുസരിച്ചാണ് കേസ്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125ാം വകുപ്പ്. പഴ്‌സണല്‍ സ്റ്റാഫിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.
സ്റ്റേജില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്‌ഐആറിലുണ്ട്. സ്റ്റേജ് കെട്ടിയവര്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്. ഗുരുതര പരുക്കേറ്റ എംഎല്‍എ പാലാരിവട്ടം റിനൈ ആശുപത്രിയിലെ വെന്റിലേറ്ററില്‍ നിരീക്ഷണത്തിലാണ്. എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെ വേദിയിലിരിക്കെയാണ് അപകടം. വീഴ്ചയില്‍ തലയ്ക്കു പിന്നില്‍ ഗുരുതര ക്ഷതമേറ്റു. നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചു കയറിയതിനെ തുടര്‍ന്ന് ശ്വാസകോശത്തിലും മുറിവുണ്ട്. 15 അടി ഉയരത്തില്‍നിന്നാണ് ഉമ തോമസ് വീണത്.

Related Articles

Back to top button