BREAKINGKERALA
Trending

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമെന്ന് ആരോപണം; സുജിത് ദാസിനെതിരേ കസ്റ്റംസ് അന്വേഷണം

തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട മുന്‍ എസ്.പി. എസ്. സുജിത് ദാസിനെതിരേ കസ്റ്റംസ് അന്വേഷണം. സുജിത് ദാസിന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അന്വേഷണം നടത്തുക. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.
സുജിത് ദാസ് മലപ്പുറം എസ്.പിയായിരുന്ന സമയത്ത് നിരവധി സ്വര്‍ണക്കടത്തുകള്‍ പിടികൂടിയിരുന്നു. ഇത്തരത്തില്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ അളവുകളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടാതെ പുറത്തെത്തുന്ന സ്വര്‍ണം പോലീസിന് എങ്ങനെ പിടികൂടാന്‍ കഴിയുന്നെന്ന കാര്യവും പരിശോധിക്കും. സുജിത് ദാസിന്റെ കാലത്ത് പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകള്‍ വീണ്ടും അന്വേഷിക്കുകയും അതില്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ തൂക്കവും അളവും ആദ്യഘട്ടത്തില്‍ പരിശോധിക്കുകയും ചെയ്യാനാണ് കസ്റ്റംസ് നീക്കം.

Related Articles

Back to top button