BREAKINGKERALA

‘ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു’; സിദ്ദിഖിനെതിരായ കേസില്‍ യുവനടിയുടെ മൊഴിയെടുത്ത് പൊലീസ്

തിരുവനന്തപുരം:നടന്‍ സിദ്ദിഖിനെതിരെ യുവനടിയുടെ പരാതിയില്‍ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ് .യുവനടിയില്‍ മൊഴി രേഖപ്പെടുത്തിയ പ്രത്യേക സംഘം കോടതി വഴി രഹസ്യമൊഴിയുമെടുക്കും. ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന ഓരോ കേസും പ്രത്യേക സംഘത്തിന് കൈമാറുമ്പോള്‍ ഡിജിപി പ്രത്യേകം ഉത്തരവുകളിറക്കും.2016ല്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്.
നിള തിയറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിനു ശേഷം സിനിമ ചര്‍ച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. ഇന്നലെ ഡിജിപിക്ക് കൈമാറിയ പരാതി പ്രത്യേക സംഘം വഴിയാണ് കേസെടുക്കാനായി മ്യൂസിയം പൊലീസിന് കൈമാറിയത്. ഇന്ന് രാവിലെ കേസെടുത്ത ശേഷമാണ് മ്യൂസിയം എസ്‌ഐ ആശചന്ദ്രന്‍ നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇനി കൂടുതല്‍ തെളിവുകളും സാക്ഷി മൊഴികളും പൊലീസ് ശേഖരിക്കും. പരാതിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന സിദ്ദിഖിന്റെ പരാതിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും നടത്തി. രഹസ്യ മൊഴിക്കായി വൈകാതെ മജിസ്‌ട്രേറ്റിന് മുന്നില്‍ അപേക്ഷ നല്‍കും. ലൊക്കേഷനില്‍ വെച്ച് യുവ നടന്‍ മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ട നടിയുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. പരാതിയില്‍ നിന്നും പിന്‍മാറാന്‍ വിദേശത്തുനിന്നടക്കം ഭീഷണയുണ്ടെന്ന് നടി പറഞ്ഞു.
നിലവില്‍ 16 പരാതികളാണ് പ്രത്യേക സംഘത്തിന് ലഭിച്ചത്. പരാതികള്‍ പരിശോധിക്കാനും കേസെടുക്കണമെങ്കില്‍ ശുപാര്‍ശ ചെയ്യാനുമാണ് 7 അംഗം സംഘത്തെ നിയോഗിച്ച് ഡിജിപി ഉത്തരവിറക്കിയത്. നേരിട്ട് കേസ് എടുക്കുന്നതിനെക്കുറിച്ച് ഉത്തരവില്‍ പറഞ്ഞിട്ടില്ല.സീല്‍ഡ് കവറില്‍ അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഉത്തരവ് കൈമാറിയത്. ലൈംഗിക പീഢനം നടന്ന സ്ഥലം എവിടെയാണോ ആ സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ കേസ് എടുക്കാനാണ് തീരുമാനം. പ്രത്യേക സംഘത്തിലെ ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് ഇത്തരം കേസുകള്‍ കൈമാറി ഡിജിപി പ്രത്യേകം ഉത്തരവിറക്കും.
അന്വേഷണത്തിന് അതാത് ജില്ലയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംഘമുണ്ടാക്കും. അതേ സമയം ,2011 ലെ പൊലീസ് ആക്ട് പ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള ഉത്തരവിറക്കാനുള്ള അധികാരം സര്‍ക്കാരിന് മാത്രമാണെന്നും ഡിജിപിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്നുമാണ് നിയമവൃത്തങ്ങള്‍ ചൂണ്ടികാട്ടുന്നത്. എന്നാല്‍, ക്രിമിനല്‍ നടപടി ചട്ടം 36, 157 പ്രകാരം സംസ്ഥാന പൊലീസ് മേധാവിക്ക് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കാന്‍ അധികാരമുണ്ടെന്ന് ആഭ്യന്തരവകുപ്പ് ചൂണ്ടികാട്ടുന്നു. വിജിലന്‍സ് ഉള്‍പ്പടെ മറ്റ് വകുപ്പുകളെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിക്കുമ്പോഴാണ് സര്‍ക്കാര്‍ ഉത്തരവിന്റെ ആവശ്യമെന്നും ചൂണ്ടാകാണിക്കുന്നു

Related Articles

Back to top button