BREAKINGKERALA

100 അടി താഴ്ചയില്‍ എത്താം, നദിയില്‍ നങ്കൂരമിട്ട് നിലയുറപ്പിക്കും: ദൗത്യം വിശദീകരിച്ച് മാല്‍പെ സംഘം

അങ്കോല (കര്‍ണാടക): അര്‍ജുനെ കണ്ടെത്താന്‍ ഷിരൂരില്‍ എത്തിയ പ്രാദേശിക മുങ്ങല്‍വിദഗ്ധരുടെ സംഘം മുമ്പും സമാനമായ നിരവധി ദൗത്യങ്ങളില്‍ പങ്കെടുത്തവര്‍. ഉടുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നെത്തിയ ‘ഈശ്വര്‍ മാല്‍പെ’ എന്ന സംഘത്തില്‍ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവര്‍ ഷിരൂരിലെത്തിയത്.
‘ഗംഗാവലിയിലെ അടിയൊഴുക്കിന് സമാനമായ ഒരുപാട് സാഹചര്യങ്ങളില്‍ ഇതിനുമുമ്പും ഇടപെട്ടിട്ടുണ്ടെന്ന് സംഘത്തലവനായ ഈശ്വര്‍ പറഞ്ഞു. എസ്.പിയും ഡിവൈ.എസ്.പിയും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദൗത്യത്തിനായി വന്നത്. വിവിധ അപകടങ്ങളില്‍പ്പെട്ട ആയിരത്തോളം മൃതദേഹങ്ങള്‍ കര്‍ണാടകയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
വെള്ളത്തിനടിയിലേക്ക് പോയാല്‍ കണ്ണ് കാണാന്‍ കഴിയില്ല. കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാഗം ഏതാണെന്നും ലോഹഭാഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുക. റഡാര്‍ ഉപയോഗിച്ച് നദിയില്‍ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്തും. വെള്ളത്തില്‍ നൂറ് അടിവരെ താഴെ പോയി മൃതദേഹങ്ങള്‍ പുറത്തെത്തിച്ചിട്ടുണ്ട്.
നേവിയുടെ ബോട്ടില്‍ പോയി വെള്ളത്തിനടിയിലേക്ക് നങ്കൂരം കയര്‍കെട്ടി ഇടും. പിന്നീട് വെള്ളത്തിലേക്ക് ഇറങ്ങി നങ്കൂരത്തിന്റെ സഹായത്തോടെ പുഴയുടെ അടിത്തട്ടില്‍ നിലയുറപ്പിക്കും. മറ്റിടങ്ങളില്‍നിന്ന് അര്‍ജുനെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ലോറിക്ക് ഉള്ളില്‍ തന്നെ ഉണ്ടാകുമെന്നാണ് വിശ്വാസം’, ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button