പത്തനംതിട്ട: നിര്‍ധനയായ വീട്ടമ്മയോട് പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയിലെ അസി. സര്‍ജന്‍ ഡോ. എസ്. വിനീതിനെയാണ് ഡിഎംഒയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.
പച്ചയ്ക്ക് കൈക്കൂലി ചോദിച്ച സര്‍ക്കാര്‍ ഡോക്ടറെ തേടിയെത്തിയത് ഒടുവില്‍ സസ്‌പെന്‍ഷന്‍. അടൂര്‍ സ്വദേശിനിയായ ഭിന്നശേഷിക്കാരി വിജയശ്രീയാണ്, സഹോദരിയുമായി കഴിഞ്ഞ മാസം ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. ഡ്യൂട്ടിലുണ്ടായിരുന്ന അസി. സര്‍ജന്‍ ഡോ. വിനീത് ഇവരെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നിടത്തേക്ക് ക്ഷണിച്ചു. പുറത്തെ ചെറിയ മുഴ നീക്കം ചെയ്യാന്‍ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
ശബ്ദരേഖയടക്കം തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ യുവജന പ്രതിഷേധം ഇരമ്പി. ഇടതു സംഘടനകള്‍ പോലും കടുത്ത നടപടി ആവശ്യപ്പെട്ടു. ഡോക്ടര്‍ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ട് ഡിഎംഒ ഇന്നലെ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. അത് പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ മാസം 25 ആം തീയതി ശബ്ദരേഖയടക്കം പരാതി ലഭിച്ചിട്ടും അനങ്ങാതിരുന്ന ആശുപത്രി സൂപ്രണ്ട് ഡോ. ജെ. മണികഠ്‌നെതിരെയും ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതിലും വകുപ്പ് തല നടപടി ഉണ്ടാകുമെന്നാണ് വിവരം.
75 Less than a minute