BREAKINGKERALA

14 വയസ്സുകാരനോട് ലൈംഗികാതിക്രമം; മുന്‍ മദ്രസ അധ്യാപകന് 35 വര്‍ഷം കഠിന തടവും 5,50,000 രൂപ പിഴയും

തൃശൂര്‍: 14 വയസ്സുള്ള ബാലനോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുന്‍ മദ്രസ അധ്യാപകന് 35 വര്‍ഷം കഠിന തടവും 5,50,000 രൂപ പിഴയും. മുന്‍പ് പള്ളിയിലെ മത പഠന അധ്യാപകനായിരുന്ന പ്രതി, ആ ബന്ധത്തിന്റെ പേരില്‍ ബാലന്‍ താമസിച്ച് മതപഠനം നടത്തുന്ന സ്ഥലത്തെത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തി എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. കോഴിക്കോട് പന്നിയങ്കര സ്വദേശി മുഹമ്മദ് നജ്മുദ്ദീനാണ് (26) ചാവക്കാട് അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി അന്‍ യാസ് തയ്യില്‍ ആണ് നജ്മുദ്ദീന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
മാര്‍ച്ച് 19നും ഏപ്രില്‍ 16നും ഇടയ്ക്കുള്ള ദിവസങ്ങളില്‍ രാത്രി സമയങ്ങളില്‍ പ്രതി ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. പ്രഥമ വിസ്താരത്തിനു ശേഷം കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമായി ബാലനും വീട്ടുകാരും മൊഴിമാറ്റി പറഞ്ഞെങ്കിലും കോടതി തെളിവ് വിലയിരുത്തി കുറ്റം ചെയ്തു എന്നു കണ്ടെത്തി പ്രതിയെ ശിക്ഷിക്കുകയായിരുന്നു. പിഴയടക്കാത്ത പക്ഷം 2 വര്‍ഷവും 2 മാസവും അധികം തടവ് അനുഭവിക്കണം
ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിപിഒ പ്രസീത ഹാജരാക്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐ ബിപിന്‍ ബി നായര്‍ കേസ് രജിസ്റ്റര്‍ ചെയ്തു പ്രാഥമിക അന്വേഷണം നടത്തി. ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ വേണു ഗോപാല്‍ തുടര്‍ അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവര്‍ ഹാജരായി. സിപിഒ മാരായ സിന്ധു, പ്രസീത എന്നിവര്‍ കോടതി നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

Related Articles

Back to top button