BREAKINGNATIONAL

16 വര്‍ഷമായി ഭര്‍തൃവീട്ടില്‍ ബന്ദി, ക്രൂരപീഡനം; യുവതിയെ രക്ഷപ്പെടുത്തി

ഭോപ്പാല്‍: പതിനാറ് വര്‍ഷമായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ ബന്ദിയാക്കിയ യുവതിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. റാണു സഹു എന്ന യുവതിയെയാണ് ഭര്‍ത്താവിന്റെ വീട്ടുകാരുടെ ക്രൂരപീഡനത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. നര്‍സിംഗ്പൂര്‍ സ്വദേശിയാണ് റാണു. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് റാണുവിനെ മോചിപ്പിച്ചത്.
2006 ലായിരുന്നു ജഹാംഗീര്‍ബാദ് സ്വദേശിയായ യുവാവിനെ റാണു വിവാഹം കഴിക്കുന്നത്. 2008നു ശേഷം മകള്‍ തങ്ങളില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നുവെന്നും കുടുംബവുമായി ബന്ധം പുലര്‍ത്തിയില്ലെന്നും വീട്ടുകാര്‍ പരാതിയില്‍ പറഞ്ഞു. തങ്ങളെ കാണാന്‍ ഭര്‍ത്താവിന്റെ കുടുംബം അനുവദിച്ചില്ലെന്നും റാണുവിന്റെ പിതാവ് കിഷന്‍ ലാല്‍ സാഹു നല്‍കിയ പരാതിയില്‍ പറയുന്നു.
ഭര്‍തൃവീടിനോട് ചേര്‍ന്നുള്ള അയല്‍വാസിയെ റാണുവിന്റെ വീട്ടുകാര്‍ ഈയടുത്ത് കാണാനിടയായി. അയാളാണ് മകള്‍ അവിടെ അനുഭവിക്കുന്ന ക്രൂരപീഡനത്തെക്കുറിച്ച് പറഞ്ഞത്. മകളുടെ ആരോഗ്യം ദിനംപ്രതി ക്ഷയിക്കുകയാണെന്നും ഇയാള്‍ പറഞ്ഞതായി പിതാവ് പരാതിയില്‍ പറഞ്ഞു.
ജഹാംഗീര്‍ബാദ് പൊലീസാണ് പരാതിയില്‍ നടപടി സ്വീകരിച്ചത്. ഒരു എന്‍ജിഒയുടെ സഹായത്തോടെയാണ് പൊലീസ് സംഘം റാണുവിനെ രക്ഷപ്പെടുത്തിയത്. ആരോഗ്യം ക്ഷയിച്ച നിലയിലായതിനാല്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയെടുത്താല്‍ ഭര്‍തൃകുടുംബത്തിനെതിരേ കൂടുതല്‍ നടപടി സ്വീകരിക്കും.

Related Articles

Back to top button