BREAKINGNATIONAL
Trending

17,840 കോടി ചെലവ്, കൊട്ടിഘോഷിച്ച് ഉദ്ഘാടനം; അഞ്ച് മാസം പിന്നിട്ടപ്പോള്‍ അടല്‍ സേതുവില്‍ വിള്ളല്‍

മുംബൈ: മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍ സേതുവില്‍ (മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് എംടിഎച്ച്എല്‍) വിള്ളല്‍. നവി മുംബൈയിലെ ഉല്‍വെയിലേക്കുള്ള റോഡിലാണ് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത്. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമെന്ന വിശേഷണത്തോടെ അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടല്‍ സേതു ഉദ്ഘാടനം ചെയ്തത്. പുതുതായി ഉദ്ഘാടനം ചെയ്ത പാലത്തിന് വിള്ളലുണ്ടായത് വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ സ്ഥലം സന്ദര്‍ശിച്ച് വിള്ളലുകള്‍ പരിശോധിക്കുകയും യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉന്നയിക്കുകയും ചെയ്തു. നാമെല്ലാവരും ബഹുമാനിക്കുന്നയാളാണ് അടല്‍ ബിഹാരി വാജ്പേയി. പാലത്തിന് അദ്ദേഹത്തിന് പേരിടുമ്പോള്‍ പോലും ഇവിടെ അഴിമതി നടക്കുന്നു എന്നത് ഖേദകരമാണ്. ഇതെല്ലാം പ്രധാനമന്ത്രി മോദി ശ്രദ്ധിക്കണമെന്ന് നാനാ പടോലെ പറഞ്ഞു.
സ്യൂരിയെയും നാവാശേവയെയും ബന്ധിപ്പിക്കുന്ന, 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാതയാണ് എംടിഎച്ച്എല്‍. കടലില്‍ 16.50 കിലോമീറ്ററും കരയില്‍ 5.50 കിലോമീറ്ററും ദൂരത്തിലാണ് പാലമുള്ളത്. ലോകത്തിലെ പന്ത്രണ്ടാമത്തെ നീളം കൂടിയ പാലവും ഇതാണ്. മുംബൈയില്‍ നിന്നും നവിമുംബൈയിലേക്ക് 20 മിനിട്ട് കൊണ്ട് എത്താന്‍ കഴിയും എന്നതാണ് പ്രത്യേകത. റോഡിലൂടെ രണ്ട് മണിക്കൂറാണ് ഈ ദൂരം പിന്നിടാന്‍ എടുക്കുന്നത്. മുംബൈയിലെ ഗതാഗതക്കുരുക്ക് കാരണം 1990കളില്‍ ആലോചന തുടങ്ങിയ പദ്ധതിയാണിത്. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. ഏകദേശം 17,840 കോടി മുടക്കിയാണ് പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. അടിയിലൂടെ കപ്പലുകള്‍ക്ക് തടസ്സമില്ലാതെ പോകാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മാണം. ജനുവരി 12നായിരുന്നു പാലത്തിന്റെ ഉദ്ഘാടനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button