പ്രയാഗ്രാജ്: മഹാകുഭമേളയ്ക്കായി പ്രയാഗ് രാജില്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നു. കുംഭമേളയ്ക്കായി കോടികള്‍ ചെലവിട്ട് വലിയ അടിസ്ഥാന സൗകര്യ വികസനമാണ് ഇവിടെ നടക്കുന്നത്. നാളെ പ്രയാഗ് രാജില്‍ എത്തുന്ന യോഗി ആദിത്യനാഥ് ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തും. ശുചിത്വത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയാകും ഇത്തവണത്തെ കുംഭമേളയെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 238 കോടിയിലധികം രൂപ ചെലവില്‍ ഒരുങ്ങുന്ന പ്രധാന ശുചിത്വ, സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനവും യോഗി നിര്‍വഹിക്കും.
ശുചിത്വവും സുരക്ഷയും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അത്യാധുനിക ഉപകരണങ്ങള്‍ പദ്ധതിയുടെ ഭാഗമായി എത്തിക്കുന്നുണ്ട്. 50 കോടിയുടെ ശുചിത്വ ഉപകരണങ്ങള്‍ മുഖ്യമന്ത്രി നാളെ അനാച്ഛാദനം ചെയ്യും 173 കോടി രൂപയുടെ ഫയര്‍, വാട്ടര്‍, ട്രാഫിക്, റേഡിയോ ഉപകരണങ്ങള്‍ എന്നിവയും പുറത്തിറക്കുന്നുണ്ട്. ഇതോടൊപ്പം ഏകദേശം 14 കോടി രൂപ ചെലവ് വരുന്ന മറ്റ് പദ്ധതികള്‍ക്കും നാളെ തുടക്കമാകും. അതുപോലെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ പുതുതായി നിര്‍മ്മിച്ച കണ്‍ട്രോള്‍ റൂം നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകും.
ശചീകരണ തൊഴിലാളികള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും യൂണിഫോം, ലൈഫ് ജാക്കറ്റ് എന്നിവ നല്‍കും. യൂണിഫോം കിറ്റുകളും തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റും നാളെ മുഖ്യമന്ത്രി വിതരണം ചെയ്യുന്നുണ്ട്. സ്വച്ഛ് കുംഭ് ഫണ്ടിന് കീഴിലുള്ള 10,000 തൊഴിലാളികളും 3,000 ബോട്ടുകാരും മറ്റുള്ളവരും ഉള്‍പ്പെടെ 15,000-ത്തിലധികം ജീവനക്കാരുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള അഞ്ചിലധികം പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
കുംഭമേളയില്‍ ശുചിത്വം ഉറപ്പാക്കാനും പ്രയാഗ്രാജ് ശുദ്ധമായും സുരക്ഷിതമായും നിലനിര്‍ത്തുന്നുവെന്ന സന്ദേശം ഉയര്‍ത്തി മുഖ്യമന്ത്രി യോഗിയും മറ്റ് വിശിഷ്ട വ്യക്തികളും നാളെ പ്രതിജ്ഞയെടുക്കും. എല്ലാ ഭക്തര്‍ക്കും സന്ദര്‍ശകര്‍ക്കും ശുചിത്വവും സുരക്ഷിതവുമായ ദര്‍ശനം ഉറപ്പാക്കുമെന്നും പ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി,സംഗമം നോസിലെ ഇവന്റ് സൈറ്റ് ഒരുക്കങ്ങളും യോഗി വിലയിരുത്തും.
58 1 minute read