BREAKINGINTERNATIONAL

35 പുസ്തകങ്ങള്‍, 800 ബിരിയാണി, 1300 ഷവര്‍മ, 1600 ചിക്കന്‍ സാന്‍വിച്ച്; ലാഹോര്‍ പുസ്തകമേളയില്‍ വിറ്റുപോയതെന്ന് സോഷ്യല്‍ മീഡിയ

‘കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുത്ത് ഓടുക’ എന്നത് മലയാളത്തിലെ പ്രശസ്തമായ പഴഞ്ചൊല്ലാണ്. കാലാതിവര്‍ത്തിയായ ആ പഴഞ്ചൊല്ല് ഇന്ന് ഏറ്റവും അനുയോജ്യം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കാണ്. എന്തെങ്കിലും കേട്ട ഉടനെ പ്രതികരിക്കുകയെന്നത് ഇന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ഒരു പതിവാണ്. പ്രതികരിക്കുന്ന വിഷയത്തിന്റെ സത്യാവസ്ഥ എന്താണെന്ന് മനസിലാക്കാതെയാകും ഈ പ്രതികരണമത്രയും എന്നതാണ് കൌതുകം. ഏറ്റവും ഒടുവിലായി ഈ ഗണത്തില്‍പ്പെടുത്താവുന്ന ഒന്നാണ് പാകിസ്ഥാനിലെ ഏറ്റവും വലിയ പുസ്തകമേളയായ ലാഹോര്‍ പുസ്തകമേളയെ കുറിച്ചുള്ള സാമൂഹിക മാധ്യമ കുറിപ്പുകള്‍. ഇന്ത്യക്കാരെ പോലെ തന്നെ നിരവധി പാകിസ്ഥാനികളും ഈ കുറിപ്പുകള്‍ സമൂഹ മധ്യമങ്ങളില്‍ പങ്കുവച്ചു.
സമൂഹ മാധ്യമ കുറിപ്പുകളില്‍ പ്രധാനമായും ആരോപിച്ചിരുന്നത് ലാഹോര്‍ പുസ്തകമേളയില്‍ ആകെ വിറ്റ് പോയത് വെറും 35 പുസ്തകങ്ങളാണ്. എന്നാല്‍ അതോടൊപ്പം വിറ്റ് പോയ മറ്റ് വസ്തുക്കള്‍ 800 പ്ലേറ്റ് ബിരിയാണി, 1,300 ഷവര്‍മ്മ, 1,600 ചിക്കന്‍ സാന്‍വിച്ച് എന്നിവയും. സംഭവം ഭക്ഷ്യമേളയാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു എന്ന നിലയിലാണ് കുറിപ്പുകളും പരിഹാസവും. എന്നാല്‍, ഈ വര്‍ത്ത തികച്ചും വാസ്തവവിരുദ്ധമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പാക് വാര്‍ത്താ ഏജന്‍സിയായ ആജ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏകദേശം രണ്ട് ദിവസം മുമ്പ് ലാഹോര്‍ അന്താരാഷ്ട്ര പുസ്തക മേളയില്‍, പാകിസ്ഥാന്‍ നടന്‍ ഖാലിദ് ഇനാം ഈ അവകാശവാദം ഉന്നയിച്ച് ഒരു സമൂഹ മാധ്യമ കുറിപ്പ് കണ്ടിരുന്നു.
ഇതിന് പിന്നാലെ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ അദ്ദേഹം വിവരം അപ്പോള്‍ തന്നെ തന്റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. ഏറെ ഫോളോവേഴ്‌സുള്ള ഖാലിദ് ഇനാമിന്റെ ട്വീറ്റ് വളരെ വേഗം വൈറലായി. അറിഞ്ഞവര്‍ അറിഞ്ഞവര്‍ സത്യാവസ്ഥ അന്വേഷിക്കാതെ സംഭവം തങ്ങളുടെ ഹാന്റിലിലൂടെ വീണ്ടും വീണ്ടും പങ്കുവച്ചു. സംഭവം വിവാദമായതിന് പിന്നാലെ ബിബിസി ഉറുദുവിന് നല്‍കിയ അഭിമുഖത്തില്‍, പോസ്റ്റിന്റെ അവകാശവാദങ്ങളുടെ സത്യസന്ധതയ്ക്ക് താന്‍ ഉറപ്പ് നല്‍കുന്നില്ലെന്നായിരുന്നു ഖാലിദ് ഇനാം പറഞ്ഞത്. ഒപ്പം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതില്‍ അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു. അതേസമയം സമൂഹ മാധ്യമങ്ങളില്‍ പുസ്തകങ്ങളുടെ അമിത വിലയെ പ്രതിപാദിച്ച് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്.

Related Articles

Back to top button