ലഖനൗ: ഭൂമിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പതിനേഴുകാരന് ദാരുണാന്ത്യം. തര്‍ക്കത്തിനിടെ എതിര്‍വിഭാഗത്തില്‍പെട്ട ഒരാള്‍ കുട്ടിയുടെ തല വാള്‍ കൊണ്ട് വെട്ടിമാറ്റുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ ജോന്‍പുരില്‍ ബുധനാഴ്ചയാണ് സംഭവം.
ഗൗരാബാദ്ശാഹര്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കബിറുദ്ദീന്‍ ഗ്രാമത്തിലെ ഭൂമിയെച്ചൊല്ലിയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നത്. രാംജീത് യാദവിന്റെ മകന്‍ അനുരാഗ് (17) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. അനുരാഗിന്റെ അമ്മ, മകന്റെ അറ്റുവീണ ശിരസ്സ് മടിയില്‍വെച്ച് മണിക്കൂറുകളോളം വിലപിച്ച ഹൃദയഭേദകമായ വാര്‍ത്ത ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ എതിര്‍വിഭാഗത്തില്‍പ്പെട്ട കുറച്ചു പുരുഷന്മാര്‍ ചേര്‍ന്ന് അനുരാഗിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഒരാള്‍ വാള്‍കൊണ്ട് ആഞ്ഞുവെട്ടി. അനുരാഗിന്റെ ശിരസ്സ് തല്‍ക്ഷണം ഉടലില്‍നിന്ന് വേര്‍പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍, വെട്ടിയ ആളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
40-45 കൊല്ലമായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഭൂമിയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നെന്ന് എസ്.പി. അജയ് പാല്‍ ശര്‍മ പറഞ്ഞു. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും മറ്റുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുവിഭാഗങ്ങള്‍ തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കമാണിതെന്ന് ജോന്‍പുര്‍ ജില്ലാ മജിസ്ട്രേട്ട് ദിനേഷ് ചന്ദ്ര പറഞ്ഞു. സിവില്‍ കോടതിയിലുള്ള വിഷയമാണിത്. സംഭവത്തില്‍ മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
52 1 minute read