58 കീഴ്ജീവനക്കാരോട് ലൈംഗികബന്ധം പുലര്‍ത്തിയ കുപ്രസിദ്ധ വനിതാ ഉദ്യോഗസ്ഥയ്ക്ക് 13 വര്‍ഷം തടവും ഒരു മില്യണ്‍ യുവാന്‍ (140,000 യുഎസ് ഡോളര്‍) പിഴയും. തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിന്നുള്ള ഇവര്‍ കീഴ്ജീവനക്കാരുമായി ബന്ധം പുലര്‍ത്തിയതിന് പുറമേ ഏകദേശം 60 ദശലക്ഷം യുവാന്‍ (8.5 മില്യണ്‍ യുഎസ് ഡോളര്‍) കൈക്കൂലിയായി സ്വീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
52 -കാരിയായ സോങ് യാങ് മുമ്പ് ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനന്‍ പ്രവിശ്യയില്‍ പാര്‍ട്ടിയുടെ ഗവര്‍ണറായും ഡെപ്യൂട്ടി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ദരിദ്ര കുടുംബത്തില്‍ പിറന്ന സോങ് യാങ് 22 -ാം വയസ്സില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഒടുവില്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ (NPC) ഡെപ്യൂട്ടി റാങ്കിലേക്ക് ഉയര്‍ന്നു. ‘സുന്ദരിയായ ഗവര്‍ണര്‍’ എന്ന പേരിലായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്.
കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് ഒരു ഫ്രൂട്ട് ആന്റ് അഗ്രികള്‍ച്ചര്‍ അസോസിയേഷന്‍ സ്ഥാപിച്ചതിന് അവര്‍ പ്രശംസ നേടിയിരുന്നു, കൂടാതെ ആവശ്യമുള്ള പ്രായമായവരെ സഹായിക്കാന്‍ സ്വന്തം ഫണ്ട് ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ നിരവധി കമ്പനികളില്‍ നിന്ന് തന്റെ സ്ഥാനമാനങ്ങള്‍ മുതലെടുത്ത് അവര്‍ കൈക്കൂലി വാങ്ങി എന്നതാണ് അടുത്തകാലത്തായി ഇവര്‍ക്കെതിരെ പുറത്തുവന്ന പ്രധാന ആരോപണം.
നെറ്റ് ഈസ് ന്യൂസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള ആഗ്രഹത്തോടൊപ്പം, സോങ് തന്റെ പുരുഷ കീഴുദ്യോഗസ്ഥരെ ലൈംഗിക ചൂഷണത്തിനും ഇരയാക്കിയിരുന്നു. ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ചില പുരുഷന്മാര്‍ അവള്‍ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും മറ്റുള്ളവര്‍ അവരുടെ അധികാരത്തെ ഭയന്നുമാണ് ചൂഷണത്തിന് വഴങ്ങിക്കൊടുത്തത്. സോങ്ങിന് 58 കാമുകന്മാരുണ്ടായിരുന്നുവെന്നും സ്വകാര്യ നിശാക്ലബുകളില്‍ പതിവായി ഇവരെ കാണാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, ഗുയിഷൗ (Guizhou) ഗവണ്‍മെന്റ് സോങ്ങിനെതിരെ അന്വേഷണം ആരംഭിച്ചു. ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 13 വര്‍ഷത്തെ തടവിനും ഒരു മില്യണ്‍ യുവാന്‍ പിഴയ്ക്കും കോടതി ഉത്തരവിടുകയായിരുന്നു. കൂടാതെ എന്‍പിസിയിലെ ഇവരുടെ സ്ഥാനവും റദ്ദാക്കി. സെപ്തംബര്‍ 1 ന്, ഇവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
63 1 minute read