BREAKINGENTERTAINMENT

68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച് നടന്‍ ഇന്ദ്രന്‍സ്

മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഇന്ദ്രന്‍സ്. സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ നടന്‍ ഇന്ദ്രന്‍സ് എഴുതിയിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടന്‍ പരീക്ഷ എഴുതിയത്. നടന്‍ പരീക്ഷയില്‍ വിജയിച്ചത് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി. തന്റെ അറുപത്തിയെട്ടാം വയസിലാണ് മലയാളി താരരം ഏഴാം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചത് എന്ന പ്രത്യേകതയുമുണ്ട്.
പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രന്‍സിന്റെ ലക്ഷ്യം. ഏഴാംക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ആണ് താരം അടുത്തിടെ പരീക്ഷ എഴുതിയത്. നവകേരളസദസ്സിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓര്‍മയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രന്‍സിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ പരീക്ഷ വിജയിച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്. തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ശ്രീ.ഇന്ദ്രന്‍സ് വിജയിച്ചു എന്നാണ് വി ശിവന്‍കുട്ടി സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കിയത്. ശ്രീ.ഇന്ദ്രന്‍സിനും ഒപ്പം വിജയിച്ച 1483 പേര്‍ക്കും അഭിനന്ദനങ്ങള്‍ എന്നും മന്ത്രി എഴുതി.
സ്‌കൂളില്‍ പോകാന്‍ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പറഞ്ഞത്. എന്നാല്‍ വായന ശീലം വിടാത്തതിനാല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. അത് വലിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കിയെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. എന്തായാലും വലിയ മാതൃകയായിരിക്കുകയാണ് ഇന്ദ്രന്‍സ്.
ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി. ഹോം എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡിന് പ്രത്യേക പരാമര്‍ശവും ഇന്ദ്രന്‍സിന് ലഭിച്ചിരുന്നു. തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് ഇന്ദ്രന്‍സിന്റെ പ്രാഥമിക വിദ്യാഭ്യാസം.

Related Articles

Back to top button