BREAKINGINTERNATIONAL

കമ്പനിയുടെ ചെലവില്‍ ആഡംബര ജീവിതം; ഈ സിഇഒയുടെ പണി ത്രിശങ്കുവില്‍

ഫസ്റ്റ് ക്ലാസ് ടിക്കറ്റെടുത്ത് വിമാനത്തില്‍ യാത്ര ചെയ്തു, വീട്ടിലെ ഓഫീസ് മോടി പിടിപ്പിച്ചു, സ്ഥാപനത്തിന്റെ ചെലവില്‍ സ്വിറ്റ്‌സര്‍ലന്റില്‍ താമസിച്ചു, യുഎസിലെ സാമൂഹ്യ സേവന സ്ഥാപനമായ ഗേ ആന്റ് ലെസ്ബിയന്‍ അലയന്‍സ് എഗെയ്ന്‍സ്റ്റ് ഡിഫമേഷന്‍ (ഗ്ലാഡ്) പ്രസിഡന്റും സിഇഒയുമായ സാറാ കേറ്റ് എല്ലിസിന്റെ ജോലി തന്നെ ത്രിശങ്കുവിലാക്കിയതിന്റെ കാരണങ്ങളാണ് മേല്‍ പറഞ്ഞത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ സിഇഒയ്ക്ക് ചേര്‍ന്ന നടപടികളല്ല ഇതൊന്നും എന്ന് ചൂണ്ടിക്കാട്ടിയാണ് സാറയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ കടുക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂടേറിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിന് ഏഴ് ദിവസത്തെ താമസത്തിനായി വീട് വാടകക്കെടുത്തെന്നും ഇതിന് സംഘടനയ്ക്ക് അഞ്ച് ലക്ഷം ഡോളര്‍ ചെലവായെന്നും സാറയ്‌ക്കെതിരായ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ ഒരു ദിവസം നീണ്ടുനിന്ന സ്‌കീയിംഗിനുള്ള പണവും സംഘടനയുടെ അകൗണ്ടില്‍ നിന്നാണ് ചെലവഴിച്ചത്.
വീടിനോടനുബന്ധിച്ചുള്ള ഓഫിസ് പുനര്‍നിര്‍മിക്കുന്നതിന് 20,000 ഡോളറാണ് സാറ ചെലവാക്കിയത്. ഇതില്‍ 18,000 ഡോളറും സ്ഥാപനം നല്‍കി. മുപ്പത് ഫസ്റ്റ് ക്ലാസ് വിമാനടിക്കറ്റുകളുടെ ചെലവ് സംഘനയാണ് വഹിച്ചതെന്നും കണ്ടെത്തി. പത്ത് വര്‍ഷത്തിലേറെയായി സാറാ കേറ്റ് എല്ലിസ് സംഘടനയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഏതാണ്ട് 30 ദശലക്ഷം ഡോളര്‍ മാത്രം ബജറ്റുള്ള സംഘടനയ്ക്ക് അതിഭീമമായ ചെലവാണ് സിഇഒ കാരണം ഉണ്ടാകുന്നതെന്നാണ് ഉയരുന്ന ആരോപണം.
എന്നാല്‍ സാറാ കേറ്റ് എല്ലിസിനെ സംഘടന ശക്തമായി ന്യായീകരിക്കുകയും ആഡംബര ജീവിതമാണെന്ന ആരോപണം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button