BREAKINGKERALA
Trending

നോഡല്‍ ഓഫീസര്‍ മടങ്ങി, കമ്മ്യൂണിറ്റി കിച്ചനും പൂട്ടി; വയനാട്ടില്‍ തെരച്ചില്‍ അവസാനിപ്പിക്കുന്നു, 119 പേര്‍ കാണാമറയത്ത്

wayanaകല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. 119 പേരെയാണ് നിലവില്‍ കണ്ടെത്താനുള്ളത്. തെരച്ചില്‍ സംഘത്തില്‍ ആളുകളെ വെട്ടിക്കുറച്ചത് വിമര്‍ശനത്തിന് വഴി വച്ചിരുന്നു. വയനാട്ടില്‍ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ജാഗ്രത തുടരുന്നുണ്ട്. അതേസമയം ക്യാമ്പുകളില്‍ 97 കുടുംബങ്ങള്‍ തുടരുകയാണ്. ഇതുവരെ 630 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
തെരച്ചിലിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡല്‍ ഓഫീസര്‍ വിഷ്ണുരാജ് മടങ്ങിയിട്ട് ഒരാഴ്ചയായി. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചനും പൂട്ടിയിട്ട് ആഴ്ച ഒന്നാകുന്നു. ദുരന്തമുഖത്ത് ഇപ്പോഴും ബാക്കിയുള്ള സേനാ വിഭാഗങ്ങള്‍ക്ക് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. രണ്ടുദിവസം കൂടിയെ ഭക്ഷണം വേണ്ടിവരൂ എന്നാണ് അവര്‍ക്ക് കിട്ടിയ അറിയിപ്പ്. എന്നാല്‍ എന്‍ഡിആര്‍എഫിന് റിലീവിങ് ഓര്‍ഡര്‍ നല്‍കിയിട്ടുമില്ല. ഡിഎന്‍എഫലങ്ങള്‍ കിട്ടിത്തുടങ്ങി എന്ന് പലതവണ മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍ പറഞ്ഞിരുന്നുവെങ്കിലും, മൃതദേഹം തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയിട്ടില്ല. ബന്ധുക്കളുടെ സാമ്പിളുമായി ഒത്തു നോക്കിയുള്ള ഫലം വൈകുന്നു. കൂടുതല്‍ മൃതദേഹമോ ശരീരഭാഗങ്ങളോ കിട്ടിയ ചാലിയാര്‍ തീരം, സൂചിപ്പാറ വനമേഖല എന്നിവിടങ്ങളിലും തെരച്ചില്‍ നിര്‍ത്തി.
എന്നാല്‍ തിരച്ചില്‍ നിര്‍ത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല. ചൂരല്‍ മലയിലെ വ്യാപാരസ്ഥാപനങ്ങള്‍ വൃത്തിയാക്കുന്നതാണ് ഇപ്പോള്‍ സജീവമായി നടക്കുന്നത്. അവര്‍ക്കുള്ള ഭക്ഷണം അടക്കം ഒരുക്കുന്നത് വ്യാപാരികള്‍. ആദ്യത്തെ രണ്ടാഴ്ച സജീവമായിരുന്ന മന്ത്രിസഭ ഉപസമിതിയിലെ അംഗങ്ങള്‍ ഓഗസ്റ്റ് 15ന് ശേഷം ജില്ലയിലെ ദുരന്തബാധിത പ്രദേശത്ത് എത്തിയിട്ടും ഇല്ല. താല്‍ക്കാലിക പുനരധിവാസം ഇനിയും പൂര്‍ത്തിയാക്കാന്‍ ഉണ്ട്. സ്‌കൂളുകള്‍ തുറക്കാനും വൈകുന്നു. തീര്‍പ്പും വേണ്ട ഒരുപാട് വിഷയങ്ങള്‍ അനന്തമായി നീളുകയാണ്.
അതേസമയം, വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്ന് മുസ്ലീം ലീഗ് അറിയിച്ചു. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം കളക്ഷന്‍ സെന്ററുകള്‍ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27 കോടി രൂപയോളം രൂപ വയനാടിനായി സമാഹരിച്ചതായും ലീഗ് നേതാക്കള്‍ അറിയിച്ചു.
അടിയന്തര സാമ്പത്തിക സഹായമായി 15,000 രൂപ വീതം വെള്ളിയാഴ്ച മുതല്‍ ഓരോ കുടുംബത്തിനും നല്‍കും. 40 കച്ചവടക്കാര്‍ക്ക് 50,000 രൂപ വീതം നല്‍കും. സര്‍ക്കാര്‍ പട്ടികയില്‍ ഉള്ളവര്‍ക്ക് ആണ് ലീഗ് സഹായം നല്‍കുക. തൊഴില്‍ മാര്‍ഗമായ ജീപ്പ് നഷ്ടപ്പെട്ടവര്‍ക്ക് ജീപ്പ് വാങ്ങി നല്‍കും, 100 വീടുകള്‍ നിര്‍മിക്കും, 8 സെന്റ് സ്ഥലവും 1,000 സ്‌ക്വയര്‍ ഫീറ്റ് വീടും, 691 കുടുംബങ്ങള്‍ക്ക് തുകയും നല്‍കും. ദുരിത ബാധിത മേഖലയില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുഎഇയിലെ വിവിധ കമ്പനികളില്‍ തൊഴില്‍ നല്‍കും. ഇതിനായി 55 അപേക്ഷകളില്‍ നിന്ന് 48 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം കാലതാമസമില്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 75 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് താമസ യോഗ്യമാക്കി, 83 കുടുംബത്തിന് ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും ക്യാമ്പിലാണ്. കൂടുതല്‍ വീടുകള്‍ കണ്ടെത്തി പുനരധിവാസം വേഗത്തിലാക്കുമെന്നും വിദഗ്ധരുമായും ജനപ്രതിനിധികളുമായി പുനരധിവാസ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷമാണ്, പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നല്‍കുക. ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങളായിരുന്നു ക്യാമ്പുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ 219 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നു. മറ്റുള്ളവര്‍ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബ വീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും.

Related Articles

Back to top button