കൊച്ചി: വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാങ്കുകള്‍ മൗലികമായ കടമ മറക്കരുതെന്നും കോടതി പറഞ്ഞു. ബാങ്കേഴ്സ് സമിതി യോഗത്തിലെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതിയുടെ വാക്കാലുള്ള നിര്‍ദേശം. ഏഷ്യാനെറ്റ് ന്യൂസാണ് ബാങ്കുകളുടെ കയ്യിട്ടുവാരല്‍ സംബന്ധിച്ച് പുറത്ത് കൊണ്ടുവന്നത്. കേസ് ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയില്‍ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷന് നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ബാങ്കിന്റെ ചൂരല്‍മല ശാഖയില്‍ നിന്നും വായ്പയെടുത്തവരില്‍ നിന്നാണ് പ്രതിമാസ തിരിച്ചടവ് ഈടാക്കിയതെന്നാണ് പരാതി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന 10 പേരാണ് ബാങ്കിനെതിരെ രംഗത്തെത്തിയത്. സര്‍ക്കാര്‍ ധനസഹായം ബാങ്കിലെത്തിയതിന് പിന്നാലെയാണ് ബാങ്ക് വായ്പ തിരിച്ചു പിടിച്ചത്. വയനാട്ടിലെ ദുരന്തബാധിതരില്‍ നിന്ന് ബാങ്ക് വായ്പ തിരിച്ചടവ് ഉടന്‍ ഉണ്ടാകില്ലെന്ന സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി യുടെയും(SLBC) സര്‍ക്കാരിന്റെയും ഉറപ്പ് പാഴ് വാക്കായി ചൂരല്‍മലയിലെ കേരള ഗ്രാമീണ ബാങ്കില്‍ നിന്ന് വായ്പ എടുത്തവരില്‍ നിന്ന് ഇഎംഐ പിടിച്ചത് പുറത്ത് വന്നിരുന്നു.
76 1 minute read