BREAKINGKERALA
Trending

ഇന്‍ഷുറന്‍സ് ഓഫീസില്‍ വന്‍തീപ്പിടിത്തം, 2 മരണം; സ്ഥാപനത്തില്‍നിന്ന് ഉച്ചത്തിലുള്ള സംസാരംകേട്ടതായി പ്രദേശവാസി

തിരുവനന്തപുരം: പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫീസില്‍ വന്‍തീപ്പിടിത്തം. രണ്ടുപേര്‍ മരിച്ചതായി ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണ ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.
രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനകത്താണ് തീപ്പിടിത്തമുണ്ടായത്. എന്താണ് തീപ്പിടിത്തത്തിന് കാരണം എന്നതില്‍ വ്യക്തമല്ല. ഓഫീസ് പൂര്‍ണമായും കത്തിയനിലയിലാണ്. മരിച്ച രണ്ടാമത്തെ ആള്‍ പുറത്തുനിന്ന് ഓഫീസിലെത്തിയതാണ്. ഇവര്‍ ഓഫീസിലെത്തിയതിന് ശേഷം ഉച്ചത്തില്‍ വഴക്ക് കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്ത് നിന്നിരുന്ന ഒരാള്‍ മാധ്യമങ്ങളോട് പറയുന്നു. ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറിക്കുള്ളില്‍ നിന്ന് പെട്ടെന്നാണ് തീ ആളിപ്പടര്‍ന്നത്.
നാട്ടുകാര്‍ ഓടിക്കൂടി അരമണിക്കൂറുകൊണ്ട് തി കെടുത്തിയെങ്കിലും രണ്ടുപേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സുമെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. എന്താണ് സംഭവിച്ചതെന്ന കാര്യം ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.
ആദ്യം ഗ്ലാസ് പൊട്ടിത്തെറിച്ചു. ഇതിന് ശേഷം പുകയും തീയും പുറത്തുവന്നു. അപ്പോഴും ആരും പുറത്തേക്ക് വന്നില്ല. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ഓടിക്കൂടി. വൈഷ്ണ മാത്രമാണ് ഓഫീസില്‍ ജോലി ചെയ്യുന്നത്. ഓഫീസ് മുറിക്കുള്ളിലെ എ.സി. കത്തിനശിച്ചിട്ടുണ്ട്. ഇത് പൊട്ടിത്തെറിച്ചതാണോ, അതോ ആരെങ്കിലും തീയിട്ടതാണോ എന്നതിനേപ്പറ്റി പരിശോധന നടക്കുന്നുണ്ട്.

Related Articles

Back to top button