BREAKINGKERALA
Trending

മുന്നറിയിപ്പുകള്‍ അവഗണിച്ചു,വയനാട് ദുരന്തത്തില്‍ അമിക്വസ് ക്യൂറി റിപ്പോര്‍ട്ട്

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അമിക്വസ് ക്യൂറി റിപ്പോര്‍ട്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വയനാട്ടില്‍ അഞ്ച് വര്‍ഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനില്‍ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകള്‍ പ്രശ്‌ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വയനാട്ടില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കാത്തതിനാലാണ് വലിയ ദുരന്തമുണ്ടായത്. ഓറഞ്ച് ബുക്കില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ല. ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സംവിധാനം ഇല്ലാത്തതാണ് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇതേസമയം, മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തു മഴ കനത്താല്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടാകാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ (ഐസര്‍-മൊഹാലി) ഗവേഷകരുടെ പഠന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുലാമഴ അതിശക്തമായി പെയ്താല്‍ പുഞ്ചിരിമട്ടത്തു ഇളകി നില്‍ക്കുന്ന പാറകളും മണ്ണും വീണ്ടും താഴേക്കു കുത്തിയൊലിച്ചേക്കാമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ മതിയായ മുന്‍കരുതല്‍ വേണമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
ഉരുള്‍പൊട്ടലിന്റെ പ്രഭവ സ്ഥാനത്ത് വലിയ പാറകള്‍ ഇളകി നില്‍ക്കുന്നുണ്ട്. അവിടുത്തെ മണ്ണ് ഉറച്ചിട്ടുമില്ല. വെള്ളരിപ്പാറമലയില്‍ അതിശക്തമായ മഴ പെയ്താല്‍, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാം. പുഞ്ചിരിമട്ടത്തിന് തൊട്ടുമുകളിലായി കഴിഞ്ഞ ഉരുള്‍പൊട്ടലില്‍ തെളിഞ്ഞുവന്ന വീതി കുറഞ്ഞ പാറയിടുക്കുണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുള്‍ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരം ഇത്തരം ഇടുക്കുകളില്‍ ഉരുള്‍ അടിയുന്നത് ഭീഷണിയാണ്.
നിമിഷനേരം കൊണ്ട് മര്‍ദം താങ്ങാതെ ഇവ അണക്കെട്ട് പൊട്ടുംപോലെ പൊട്ടിഒഴുകാമെന്നു ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുഞ്ചിരിമട്ടത്ത് 2019ല്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ ഇതേ നദീതടത്തിലുണ്ടായിരുന്നു. ഇതും കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലിന്റെ ശക്തി കൂട്ടാന്‍ വഴിവച്ചിട്ടുണ്ടാകാം. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ഇത്തരത്തിലൊരു വിലയിരുത്തല്‍ നേരത്തെ നടത്തിയിരുന്നു. മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായത് പെട്ടിമുടിയില്‍ ഉണ്ടായതിനെക്കാള്‍ 35 ഇരട്ടി ശക്തമായ ഉരുള്‍പൊട്ടലാണ്.

Related Articles

Back to top button