BREAKINGINTERNATIONAL

പൈനാപ്പിള്‍ ഡേറ്റിംഗ്? സ്പെയിനിന്റെ ഏറ്റവും പുതിയ ഓഫ്ലൈന്‍ റൊമാന്‍സ് ട്രെന്‍ഡ്

ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പുകള്‍ സജീവമായ കാലമാണിത്. എന്നാല്‍, സ്‌പെയിനിലെ അവിവാഹിതരായ ആളുകള്‍ക്കിടയില്‍ ഒരു പുതിയ ട്രെന്‍ഡ് വലിയ സ്വീകാര്യത പിടിച്ചു പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ‘പൈനാപ്പിള്‍ ഡേറ്റിംഗ്’ (Pineapple Dating) എന്നറിയപ്പെടുന്ന ഒരു ഓഫ്ലൈന്‍ റൊമാന്‍സ് ട്രെന്‍ഡ് (Offline Romance Trend) ആണത്രേ സ്‌പെയിനില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയം . മെര്‍ക്കഡോണ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയാണ് ഈ ഓഫ് ലൈന്‍ ഡേറ്റിംഗ് ജനപ്രിയമാക്കിയത്.
സംഗതി സിമ്പിളാണ് ഷോപ്പിംഗിനായി സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും എത്തുന്നവര്‍, ഒരു പങ്കാളിയെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ വളരെ സൂക്ഷ്മമായ ഒരു സിഗ്‌നല്‍ കാണിക്കും. സിഗ്‌നല്‍ എന്താണെന്നല്ലേ? ഷോപ്പിംഗ് കാര്‍ട്ടില്‍ പൈനാപ്പിള്‍ തലകീഴായി വെക്കുന്നതാണ് ഈ സൂക്ഷ്മമായ ‘റൊമാന്റിക് സിഗ്‌നല്‍’. ഈ സിഗ്‌നല്‍ റൊമാന്റിക് കണക്ഷനുകള്‍ തേടുന്ന സഹ ഷോപ്പര്‍മാര്‍ക്ക് ഒരു സൂചനയായി സ്വീകരിക്കാം. അങ്ങനെ പരസ്പരം പരിചയപ്പെടാനും സംസാരിക്കാനും ഒക്കെ ഷോപ്പിംഗിനിടയില്‍ തന്നെ അവസരം കിട്ടും. പിന്നീട് വേണമെങ്കില്‍ ഡേറ്റിംഗിലേക്കും ആ സൗഹൃദം വളര്‍ത്താം.
ടിക് ടോക്കിലാണ് ഈ ട്രെന്‍ഡ് ആദ്യം വൈറലായത്, നിരവധി യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ഇതൊരു തരംഗമായി മാറിക്കഴിഞ്ഞു. സംഗതി ട്രെന്റിംഗായതിന് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പൈാപ്പിള്‍ വില്പനയും വര്‍ദ്ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിവാഹിതര്‍ തങ്ങളുടെ ഷോപ്പിംഗ് ട്രോളികളില്‍ പൈനാപ്പിള്‍ എടുത്ത് വച്ച്, കടകളില്‍ തീപ്പെട്ടി തിരയുന്ന രസകരമായ നിരവധി വീഡിയോകള്‍ ഇപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
മെര്‍ക്കഡോണ സൂപ്പര്‍മാര്‍ക്കറ്റിലെ ഈ ‘ഓഫ് ലൈന്‍ ഡേറ്റിംഗ് സൂത്രം’ ഏറെ രസകരമാണ്. സൂപ്പര്‍ മാര്‍ക്കറ്റിലുള്ള ഏതെങ്കിലും വ്യക്തിയുമായി ഡേറ്റിംഗ് ചെയ്യാന്‍ താല്പര്യം ഉള്ളവര്‍, ആദ്യം തങ്ങളുടെ ട്രോളിയില്‍ ഒരു പൈനാപ്പിള്‍ തല കീഴായി വയ്ക്കണം. തുടര്‍ന്ന് ഈ ട്രോളി ഉന്തി ഉദ്ദേശിച്ച ആളുടെ ട്രോളിയില്‍ തട്ടണം. തന്റെ ട്രോളിയില്‍ തട്ടിയ ആളോട് താല്പര്യമുണ്ടെങ്കില്‍, അയാള്‍ / അവള്‍ പുറത്തിറങ്ങുമ്പോള്‍ ഒരുമിച്ച് പുറത്തിറങ്ങുക. ഇങ്ങനെ ഒരുമിച്ചാണ് പുറത്തിറങ്ങുന്നതെങ്കില്‍ ഡേറ്റിംഗിന് സമ്മതമാണെന്ന് അര്‍ത്ഥം.
ഷോപ്പിംഗിലെ റൊമാന്റിക് കോഡുകള്‍ ഇവിടം കൊണ്ട് തീര്‍ന്നില്ല, സ്‌പെയിന്‍ ആസ്ഥാനമായുള്ള ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ഒലിവ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഒരാള്‍ അയാളുടെ ഷോപ്പിംഗ് ട്രോളിയില്‍ മധുര പലഹാരങ്ങളോ ചോക്ലേറ്റുകളോ വെച്ചിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം അയാള്‍ ഒരു ദീര്‍ഘകാല ബന്ധം തിരയുന്ന ആളാണെന്നാണ്. കാഷ്വല്‍ ബന്ധങ്ങള്‍ അന്വേഷിക്കുന്നവര്‍ അവരുടെ ട്രോളികളില്‍ പയര്‍ വര്‍ഗ്ഗങ്ങളോ പച്ചക്കറികളോ ആയിരിക്കും ഇതിനുള്ള സിഗ്‌നലായി വയ്ക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button