നിങ്ങളൊരു പൂച്ചപ്രേമിയാണോ? ഇനി അഥവാ അല്ലെങ്കില്‍ പോലും ഈ വീഡിയോ നിങ്ങളില്‍ ഒരു പുഞ്ചിരി വിരിയിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. പൂച്ചകളുടെയും പട്ടികളുടേയും ഒക്കെ അനേകം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് അല്ലേ? അതുപോലെ ഒരു വീഡിയോയാണ് ഇതും. എന്നാലും, ഇങ്ങനെ ഒരു പൂച്ചയെ നിങ്ങള്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ടാകുമോ എന്ന് സംശയമാണ്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത് mhisa maya എന്ന യൂസറാണ്. വീഡിയോയില്‍ കാണുന്ന പൂച്ച ഒരു ബുദ്ധ സന്യാസിയുടെ വേഷത്തിലാണ് ഉള്ളത്. ഒപ്പം മാലയും കണ്ണടയും ഒക്കെ ധരിച്ചിരിക്കുന്നതും കാണാം. പൂച്ചയ്ക്കരികിലായി ഒരു ബുദ്ധ സന്യാസിയും ഇരിക്കുന്നുണ്ട്. സന്യാസി പൂച്ചയോട് സംസാരിക്കുന്നതാണ് കാണുന്നത്. അദ്ദേഹത്തിന്റെ വചനങ്ങള്‍ സൂക്ഷ്മമായി കേള്‍ക്കുകയാണ് പൂച്ച. വളരെ ശാന്തമായി ഒരു സന്യാസി എങ്ങനെയാണോ ഇരിക്കുന്നത് അതുപോലെ തന്നെയാണ് ഈ പൂച്ചയുടേയും ഇരിപ്പ്.
‘തായ്‌ലാന്‍ഡില്‍ നിന്നുള്ള ഒരു ബുദ്ധിസ്റ്റ് പൂച്ച അതിന്റെ ധര്‍മ്മപാഠങ്ങള്‍ കേള്‍ക്കുന്നതാണ് നിങ്ങള്‍ ഇന്ന് നിങ്ങളുടെ ടൈംലൈനില്‍ കാണുന്ന ഏറ്റവും നല്ല കാര്യം’ എന്നും വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാട് പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി.
‘തായ്‌ലാന്‍ഡില്‍ തങ്ങളുടെ പ്രതിജ്ഞ നിറവേറ്റാന്‍ സാധിക്കാത്ത ബുദ്ധ സന്യാസിമാര്‍ പൂച്ചകളായിട്ടാണ് പുനര്‍ജനിക്കുന്നത്’ എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് കമന്റ് നല്‍കിയിരിക്കുന്നത്. എന്നാലും ഈ പൂച്ചയ്ക്ക് എങ്ങനെയാണ് ഇത്ര ശാന്തതയോടെ ഇരിക്കാനാകുന്നത് എന്നായിരുന്നു മറ്റൊരാളുടെ സംശയം. ശരിക്കും പൂച്ച ഒരു സന്യാസിയായി മാറിക്കൊണ്ടിരിക്കുകയാണോ എന്ന് സംശയം പ്രകടിപ്പിച്ചവരും കുറവല്ല.
73 1 minute read