BREAKINGNATIONAL

‘ലാവണ്യയുടെ മരണത്തിന് പിന്നില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല’; സിബിഐ റിപ്പോര്‍ട്ട് കോടതിയില്‍, ബിജെപി വാദം തള്ളി

ചെന്നൈ: തമിഴ്‌നാട്ടില്‍ കോളിളക്കമുണ്ടാക്കിയ ലാവണ്യ ആത്മഹത്യക്കേസില്‍ ബിജെപി വാദങ്ങള്‍ തള്ളി സിബിഐ. നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം കാരണമല്ല കുട്ടിയുടെ മരണമെന്ന് മദ്രാസ് ഹൈക്കോടതിയെ സിബിഐ അറിയിച്ചു. തഞ്ചാവൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ പഠിച്ചിരുന്ന പതിനേഴുകാരിയായ ലാവണ്യ 2022ലാണ് ജീവനൊടുക്കിയത്. ബോര്‍ഡിംഗില്‍ താമസിച്ച് പഠിച്ചിരുന്ന ലാവണ്യ അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നതിനിടെയായരുന്നു മരണം.
സ്‌കൂള്‍ അധികൃതര്‍ മറ്റ് ജോലികളും ഏല്‍പ്പിച്ചതിനാല്‍ പഠനം തടസ്സപ്പെട്ടിരുന്നു എന്ന് ആദ്യം പറഞ്ഞ കുടുംബം, നിബന്ധിത മത പരിവര്‍ത്തന ശ്രമം കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് പിന്നീട് നിലപാടെടുത്തു. ലാവണ്യ ചികിത്സയിലായിരുന്ന സമയത്ത് ചിത്രീകരിച്ച 4 വീഡിയോകള്‍ ഇതിനിടയില്‍ വിഎച്ചപി പുറത്തുവിട്ടു. ഇതിലൊന്നില്‍ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതായി ലാവണ്യ പറയുന്നതും ഉള്‍പ്പെട്ടതോടെ പതിനേഴുകാരിയുടെ മരണം ബിജെപി രാഷ്ട്രീയവിഷയമാക്കി.
ജസറ്റിസ് ഫോര്‍ ലാവണ്യ ഹാഷ്ടാഗ് ദേശീയ തലത്തിലും ചര്‍ച്ചയായിരുന്നു. ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈ സജീവമായി ഉയത്തിയ വാദമാണ് ഇപ്പോള്‍ സിബിഐ തളളുന്നത്. സ്‌കൂളിലെ കണക്കുകള്‍ തയ്യാറാക്കുന്നതടക്കം പല ജോലികള്‍ക്കും ലാവണ്യയെ ഉപയോഗിച്ചിരുന്നുവെന്നും ഇത് കാരണം പഠനം മുടങ്ങുന്നതിലെ മനോവിഷമം കാരണമാണ് ആത്മഹത്യ എന്നുമാണ് പ്രധാന കണ്ടെത്തല്‍.
മതപരിവര്‍ത്തന ശ്രമവുമായി ബന്ധിപ്പിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കിട്ടിയില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കി. ബിജെപിയുടെ മറ്റൊരു നുണ കൂടി പൊളിഞ്ഞതായി ഡിഎംകെ ഐടി വിങ് പ്രതികരിച്ചു.

Related Articles

Back to top button