ഷിരൂര്‍(കര്‍ണാടക): മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് മുങ്ങല്‍വിദഗ്ധനായ ഈശ്വര്‍ മാല്‍പെ മടങ്ങി. ഭരണകൂടവും ജില്ലാ പോലീസ് മേധാവിയും മോശമായി പെരുമാറിയെന്നും അതിനാലാണ് തിരച്ചില്‍ അവസാനിപ്പിക്കുന്നതെന്നും വേദനയോടെയാണ് മടങ്ങുന്നതെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. അതേസമയം, ഈശ്വര്‍ മാല്‍പെയ്ക്കെതിരേ കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ രംഗത്തെത്തി. മാല്‍പെ എല്ലായ്പ്പോഴും ഭരണകൂടത്തെ കുറ്റം പറയുകയാണെന്നും ഫെയ്സ്ബുക്കിലും യൂട്യൂബിലും ആരാധകരെ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും എം.എല്‍.എ. ആരോപിച്ചു.
”അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. പക്ഷേ, ആരും പിന്തുണക്കുന്നില്ലെന്ന് പറഞ്ഞ് എല്ലായ്പ്പോഴും ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നു. എം.എല്‍.എ.യായ ഞാന്‍ എല്ലാദിവസവും ഇവിടെയുണ്ട്. അദ്ദേഹം മുന്‍കരുതലെടുക്കാതെയാണ് പുഴയിലേക്ക് ഡൈവ് ചെയ്യുന്നത്. അദ്ദേഹത്തിന് യൂട്യൂബ്, ഫെയ്സ്ബുക്ക് ആരാധകരെ സൃഷ്ടിക്കാനുള്ള ശ്രമമാണ്”, എം.എല്‍.എ. പറഞ്ഞു.
അതിനിടെ, കാര്‍വാര്‍ എസ്.പി. ഭീഷണിപ്പെടുത്തിയിരുന്നതായി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമയായ മനാഫും ആരോപിച്ചു. ”വേഗം വിട്ടോ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. ഇതിന് പിന്നില്‍ എന്തൊക്കെയോ രഹസ്യങ്ങളുണ്ട്. അതിനുള്ളില്‍ കുറേ വണ്ടികളുണ്ട്. അത് പുറത്തുവന്നാല്‍ എസ്.പി.ക്കും കളക്ടര്‍ക്കും ബുദ്ധിമുട്ടാകും. അത് വരാതിരിക്കാന്‍ അവര്‍ ശ്രമിക്കുമല്ലോ.
11-ാം തീയതി എന്നെ കൊന്നുകളയുമെന്നും വേഗം വിട്ടോ എന്നും എസ്.പി. ഭീഷണിപ്പെടുത്തിയിരുന്നു. വെള്ളത്തിനടിയില്‍നിന്ന് സാധനങ്ങളെടുക്കാനുള്ള കഴിവ് ഈശ്വര്‍ മാല്‍പെയ്ക്കുണ്ട്. അദ്ദേഹത്തെ വിശ്വസിച്ചാണ് നിന്നിരുന്നത്. ഇനി എന്താകുമെന്ന് നോക്കാം. പലഘട്ടങ്ങളിലും ഈ ദൗത്യം നിന്നുപോയതാണ്. വീണ്ടും പൊരുതിയിട്ടാണ് ഇവിടെ വരെ എത്തിയത്”, മനാഫ് പറഞ്ഞു.
82 1 minute read