BREAKINGKERALA

ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയേ തീരു, കടുത്ത നിലപാടില്‍ സിപിഐ

കോട്ടയം : സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കടുത്ത നിലപാടുമായി സിപിഐ. ആര്‍എസ് എസ് ബന്ധമുളള എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചു. ആര്‍എസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്എസ് ബന്ധം പാടില്ല. നിലപാടില്‍ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തെ സിപിഐ വിമര്‍ശിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിര്‍ക്കേണ്ടത് ആശയങ്ങള്‍ കൊണ്ടാകണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
അതേസമയം, സര്‍ക്കാരിനെതിരെ സഭയില്‍ ഉയരാനിടയുള്ള രാഷ്ട്രീയ കൊടുങ്കാറ്റ് മുന്നില്‍ കണ്ട് കൂടിയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. പൂരം കലക്കലിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് സിപിഐ എഡിജിപിക്കെതിരെ കടുപ്പിക്കുന്നത്. അന്വേഷണം തീരട്ടെ എന്ന മുഖ്യമന്ത്രിയുടെ വാക്ക് കേട്ടാണ് കാത്തിരിപ്പ്. പക്ഷെ തീരുമാനം അനന്തമായി നീട്ടാന്‍ സിപിഐ തയ്യാറല്ലെന്ന് വ്യക്തമാണ്. അജിത് കുമാറിന്റെ മാറ്റമില്ലാതെ സിപിഐക്ക് നിയമസഭയിലേക്ക് പോകാനാകാത്ത രാഷ്ട്രീയസ്ഥിതിയാണ്. അജിത് കുമാറിനെതിരായ പലതരം അന്വേഷണം നടക്കുന്നുണ്ട്. ഡിജിപി തല അന്വേഷണത്തിന്റെ കാലാവധി മൂന്നിന് തീരും. അന്‍വറിന്റെ പരാതിയിലാണ് അന്വേഷണം. പക്ഷെ അന്‍വര്‍ ഇടത് ബന്ധം വിട്ടതോടെ ഇനി അന്വേഷണത്തിന്റെ ഭാവിയില്‍ സിപിഐക്ക് ആശങ്കയുണ്ട്.

Related Articles

Back to top button