മലപ്പറം: മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ആരോപണം തുടര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ നയ പ്രഖ്യാപന വേദിയിലാണ് അന്‍വറിന്റെ രൂക്ഷ വിമര്‍ശനം.യോഗത്തിന് എത്തിയ ഡിഎംകെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പിവി അന്‍വര്‍ പ്രസംഗം ആരംഭിച്ചത്.തമിഴ്നാട്ടില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള ഡിഎംകെയുടെ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളെന്ന് പിവി അന്‍വര്‍ പറഞ്ഞു.
അജിത് കുമാറിനെയും ശശിയെയും തൊട്ടാല്‍ എന്താണ് സംഭവിക്കുക എന്ന് കൃത്യമായി അറിയുന്ന ആളാണ് മുഖ്യമന്ത്രി. ശശിക്ക് മുഖ്യമന്ത്രി ക്ളീന്‍ ചിറ്റ് കൊടുത്തത് എഡിജിപിക്ക് എതിരായി അന്വേഷണം നടത്തിയവര്‍ക്കുള്ള സന്ദേശമായിരുന്നു. താന്‍ ചെന്നൈയില്‍ പോയതാണ് പുതിയ കോലാഹലമെന്നും ചെന്നൈയില്‍ പോയി എന്നത് ശരിയാണെന്നും പിവി അന്‍വര്‍ പറഞ്ഞു. രാജ്യത്ത് സോഷ്യലിസ്റ്റ് നിലപാടുള്ള പാര്‍ട്ടി ഡിഎംകെ. ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തി.താന്‍ പോയത് ആര്‍എസ്എസ് നേതാക്കളെ കാണാനല്ല. ആര് എസ് എസിനെ തമിഴ്നാട്ടില്‍ കയറി ഇരിക്കാന്‍ ഡിഎംകെ അനുവദിച്ചിട്ടില്ല.
ബിജെപിയെ നോട്ടക്ക് പിന്നില്‍ ആക്കിയ നേതാവിനെ ആണ് ഞാന്‍ തെരഞ്ഞുപോയത്. ഡിഎംകെയുമായുള്ള തന്റെ സഹകരണത്തെ തടയാന്‍ ശ്രമിക്കുകയാണ് ഫാസിസത്തിന്റെ മറ്റൊരു മുഖം എന്ന് അന്‍വര്‍ ആരോപിച്ചു.തമിഴ് നാട്ടില്‍ സഖ്യകക്ഷികള്‍ക്ക് നിര്‍ലോഭം സീറ്റ് കൊടുത്തവരാണ് ഡിഎംകെ. ബിജെപി സര്‍വശക്തിയും എടുത്തു കോയമ്പത്തൂര്‍ ഇറങ്ങിയപ്പോള്‍ സിപിഎമ്മിന് പാര്‍ട്ടിയുടെ ഉറച്ച കോട്ട കൊടുത്തവരാണ് ഡി എം കെ.അതേസമയത്ത് തൃശ്ശൂരില്‍ ബിജെപിക്ക് മുഖ്യമന്ത്രി പരവതാനി വിരിച്ചു കൊടുക്കുകയാണ് ചെയ്തത്. ഇക്കാര്യം മുഖ്യമന്ത്രിയോട് നേര്‍ക്കുനേര്‍ നിന്നു പറയും. എ ഡി ജി പി തൃശൂരില്‍ വന്ന് പൂരം കലക്കാന്‍ നേരിട്ട് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനാണെന്നും പിവി അന്‍വര്‍ ആരോപിച്ചു.
രാവിലെ മുതല്‍ കനത്ത മഴയാണ് കേരളത്തിലെ ഏഴു ജില്ലകളില്‍ അനുഭവപ്പെടുന്നതെന്ന് പിവി അന്‍വര്‍ പറഞ്ഞു. കനത്ത മഴയെയും അവഗണിച്ച് ഇവിടെ എത്തിച്ചേര്ന്നവര്ക്കും പത്ര ദൃശ്യ മാധ്യമപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു.ഭീഷണിയുടെ വേലിക്കെട്ടുകള്‍ തകര്‍ത്താണ് വന്‍ജനക്കൂട്ടം പൊതുയോഗത്തിന് എത്തിയത്. ഒരു സാമൂഹിക മുന്നേറ്റ സംവിധാനമായി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള രൂപീകരിക്കുന്നുവെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടാകും. അത് വിശദീകരിക്കാനാണ് ഇന്ന് ഇവിടെ യോഗം ചേര്‍ന്നിരിക്കുന്നത്.ഭരണഘടനയില്‍ എംഎല്‍എമാര്‍ക്ക് എല്ലാവര്ക്കും ഒരേ കടമകളും ഉത്തരവാദിത്വങ്ങളുമാണുള്ളത്.
അതില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ല.അങ്ങനെയുള്ള എംഎല്‍എ എന്ന നിലയ്ക്ക് ജനങ്ങളോട് മറുപടി പറയേണ്ട കാര്യങ്ങളില്‍ പ്രതികരിക്കുകയാണ് താന്‍ ചെയ്തിട്ടുള്ളത്. അത്തരത്തിലാണ് ഭരണത്തിലെ ചില മോശം കാര്യങ്ങള്‍ വിളിച്ചുപറയേണ്ടിവന്നത്. സര്‍ക്കാരിന് മുന്നില്‍ ചൂണ്ടികാണിച്ചുകൊടുത്ത വിഷയങ്ങള്‍ ഇപ്പോഴും സമൂഹത്തിന് മുന്നില്‍ ചോദ്യ ചിന്ഹങ്ങളായി അവശേഷിക്കുകയാണ്.കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്കുമെതിരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.തന്റെ പരാതികള്‍ അന്വേഷിക്കാന്‍ എസ്ഐടിയെ സര്‍ക്കാര്‍ നിയോഗിച്ചു. അതില്‍ തൃശൂര്‍ പൂരം അലങ്കോലമാക്കലും അന്വേഷിച്ചു.
പൂരം കലക്കി ബിജെപിക്ക് ഒരു ലോക്സഭ സീറ്റ് വാങ്ങി കൊടുക്കുന്ന ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞാണ് താന്‍ പരാതി നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം തീരുമാനം എന്നാണ് മുഖന്ത്രി പറഞ്ഞത്. 30 ദിവസം കഴിഞ്ഞ് 32 ദിവസമായിട്ടും ഇതുവരെ ഇക്കാര്യത്തില്‍ നടപടിയുണ്ടായിട്ടില്ല. 30 ദിവസം കഴിഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.പൂരം കലക്കല്‍ റിപ്പോര്‍ട്ടില്‍ എഡിജിപി അജിത് കുമാറിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ അജിത് കുമാറിനെതിരെ എടുത്തില്ല. പൊലീസ് ഹെഡ്ക്വാട്ടേഴ്സില്‍ അജിത് കുമാറിന്റെ സംഹാര താണ്ഡവമാണെന്നും എഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ ഭയമാണെന്നും പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ചു.
എഡിജിപിയുടെ ഭൂമി ഇടപാടില്‍ 35 ലക്ഷം രൂപ പണമായിത്തന്നെ നേരിട്ട് കൈമാറി. 100 രൂപ പോലും അക്കൗണ്ട് വഴി കൊടുത്തില്ല. തെളിവുകള്‍ കൊടുത്തിട്ടും നടപടിയില്ല
നടപടികള്‍ വൈകിക്കാനാണ് വിജിലന്‍സ് അന്വേഷണം. ഇത്രയൊക്കെ നടന്നിട്ടും സിപിഐ എവിടെപ്പോയി?. ബിജെപി ക്കു പരവതാനി ഒരുക്കിയ ഇവരുടെ കൂടെയാണോ ബിജെപിയെ തുരുത്തിയ ഡി എം കെ യുടെ കൂടെയാണോ നില്‍ക്കേണ്ടത്? ഡിഎംകെയുടെ ആശിര്‍വാദം വാങ്ങാനാണ് പോയത്. ഇത് രാഷ്ട്രീയ പാര്‍ട്ടി അല്ല പാലക്കാട് മണ്ഡലം ബിജെപി ക്കു ഉറപ്പിച്ചു കഴിഞ്ഞു.ചേലക്കരയില്‍ ബിജെപി സിപിഎമ്മിന് വോട്ട് ചെയ്യും. എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ഇതെല്ലാം നടന്നത്.
84 2 minutes read