തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സി വിവാദവും മലപ്പുറം പരാമര്‍ശവും ഉന്നയിക്കാന്‍ പ്രതിപക്ഷം. അടിയന്തര പ്രമേയമായി സണ്ണി ജോസഫ് എംഎല്‍എ വിഷയം ഉന്നയിക്കും. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയിലും പ്രതിപക്ഷം തൃപ്തരല്ല. ഇന്നുമുതല്‍ വീണ്ടും ചേരുന്ന നിയമസഭയില്‍ വിവാദങ്ങളില്‍ മറുപടി പറയാന്‍ സര്‍ക്കാര്‍ വിയര്‍ക്കും.
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്നുമുതല്‍ ചൂടേറും. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ച് വെള്ളിയാഴ്ച്ച പിരിഞ്ഞ നിയമസഭക്ക് ചര്‍ച്ചചെയ്യാന്‍ ഇന്നുമുതല്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഏറെ. അടിയന്തര പ്രമേയത്തിന് പോലും പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യം ഇല്ല. വിഷയാധിക്യമാണ് പ്രതിപക്ഷം നേരിടുന്ന ഇപ്പോഴത്തെ പ്രശ്നം. ആദ്യദിനം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പിആര്‍ ഏജന്‍സി വിവാദവും സഭയില്‍ അടിയന്തര പ്രമേയമാകും.
മലപ്പുറം ജില്ലയെ സംബന്ധിച്ച് ദ ഹിന്ദു ദിനപത്രത്തില്‍ വന്ന പരാമര്‍ശം മുഖ്യമന്ത്രി നടത്തിയിട്ടില്ല എന്നതാണ് ഇപ്പോഴത്തെ ന്യായം. മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി ഉണ്ടോ, ഉണ്ടെങ്കില്‍ പരാമര്‍ശത്തില്‍ പിആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കുമോ, ഇല്ലെങ്കില്‍ തെറ്റിദ്ധാരണ പടര്‍ത്തിയതിന് ഹിന്ദു പത്രത്തിനെതിരെ കേസ് എടുക്കുമോ എന്നീ ചോദ്യങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തും. വാര്‍ത്താസമ്മേളനത്തില്‍ പോലും കൃത്യമായി മറുപടി പറയാത്ത മുഖ്യമന്ത്രി നിയമസഭയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് രാഷ്ട്രീയ ആകാംക്ഷ.
നിയമസഭ സമ്മേളിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് മാത്രം എംആര്‍ അജിത് കുമാറിനെ മാറ്റിയ നടപടിയും സഭയില്‍ പ്രതിപക്ഷം ചോദ്യം ചെയ്യും. കടുത്ത നടപടി ഇല്ലാത്തത് അജിത് കുമാറിന് ഒരുക്കിയ സംരക്ഷണം എന്നാണ് പ്രതിപക്ഷ വാദം. നിയമസഭയിലെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള കുറുക്കുവഴി എന്നതാണ് യുഡിഎഫ് വിലയിരുത്തല്‍. തൃശൂര്‍ പൂരം കലക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും സഭയില്‍ ഉന്നയിക്കും.
നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് നക്ഷത്ര ചിഹ്നം ഒഴിവാക്കിയ സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ പരാതിയില്‍ സ്പീക്കര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇക്കാര്യം ക്രമപ്രശ്നമായി ഉയര്‍ത്തി വിഷയം നിയമസഭയില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരാനും പ്രതിപക്ഷം ലക്ഷ്യമിടുന്നുണ്ട്. വരും ദിവസങ്ങളില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളും സഭയില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഈ മാസം 15 വരെയാണ് സഭാ സമ്മേളനം.
70 1 minute read