KERALANEWS

കുരട്ടിശ്ശേരിയിലമ്മ വിദ്യാകീർത്തി പുരസ്‌കാരം  ഡോ.കെ മോഹനന്‍പിള്ളക്ക് 

 

മാന്നാർ: ശ്രീ കുരട്ടിശ്ശേരിയിലമ്മ ഭഗവതിക്ഷേത്രത്തിൽ മഹാനവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നൽകിവരുന്ന വിദ്യാകീർത്തി പുരസ്‌കാരം ഈ വർഷം ദേവസ്വം ബോർഡ് പരുമല പമ്പാകോളേജ് മുൻ പ്രിൻസിപ്പലും കുട്ടംപേരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഡോ.കെ.മോഹനൻപിള്ളക്ക് നൽകുമെന്ന് ക്ഷേത്ര സമിതി ഭാരവാഹികൾ പ്രഖ്യാപിച്ചു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം 11ന് വൈകിട്ട് 7ന് കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണികൃഷ്ണൻ ഡോ.കെ.മോഹനൻപിള്ളക്ക് സമർപ്പിക്കും. വിദ്യാഭ്യാസ-സഹകരണ മേഖലകളിലെ നിസ്തുലമായ സേവനങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരം. 1980ൽ ദേവസ്വംബോർഡ് പരുമല പമ്പാകോളേജിൽ ഫിസിക്സ് അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കുട്ടംപേരൂർ കാരുണ്യയിൽ കെ.മോഹനൻപിള്ള ഒരുവർഷക്കാലം ശാസ്‌താംകോട്ട ഡി.ബി കോളേജിലും എട്ട് വർഷക്കാലം പരുമല പമ്പാകോളേജിലും പ്രിൻസിപ്പലായിരുന്നു. ദേവസ്വം ബോർഡ് കോളേജുകളിൽ ആദ്യമായി അക്രഡിറ്റേഷൻ പദവി ലഭിക്കുന്ന കോളേജായി പമ്പാകോളേജിനെ മാറ്റിയെടുക്കാൻ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ പ്രവർത്തന മികവിലാണ്. നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ പിയർ ടീം അംഗമായും പ്രവർത്തിച്ചിട്ടുള്ള കെ.മോഹനൻപിള്ള പമ്പാകോളേജിൽ നിന്നും വിരമിച്ചശേഷം 2009 മുതൽ മാന്നാർ കുട്ടമ്പേരൂർ 611-ാംനമ്പർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റായി തുടരുന്നു. ഈ കാലയളവിനുള്ളിൽ ചെങ്ങന്നൂർ താലൂക്കിലെ ക്ലാസ് വൺ ബാങ്കായി കുട്ടംപേരൂർ സഹ.ബാങ്കിനെ ഉയർത്തിക്കൊണ്ടു വരികയും ആധുനിക സജ്ജീകരങ്ങളോടെയുള്ള ബാങ്ക് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ബാങ്കിന് പുതിയൊരു ശാഖയും നീതി മെഡിക്കൽ സ്റ്റോർ, സൂപ്പർമാർക്കറ്റ് എന്നിവയും ബാങ്കിന് കീഴിൽ തുടങ്ങുവാനും കഴിഞ്ഞു. മാന്നാറിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിട്ടുള്ള ഡോ.കെ മോഹനന്‍പിള്ളയുടെ പത്നി എൻ.എസ്.എസ് കോളേജ് റിട്ട.കൊമേഴ്‌സ് പ്രൊഫ.എം.രമാദേവിയാണ്. ഡോ.എം.ആർ. രാധിക മകളും ആലപ്പുഴ മെഡിക്കൽ കോളേജ് അനെസ്തേറ്റിസ്റ്റ് ഡോ.വിമൽ പ്രദീപ് മരുമകനാണ്.

Related Articles

Back to top button