പത്തനംതിട്ട: വിശ്വാസികളുടെ പ്രതിഷേധം കനത്തതോടെ ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടെന്ന് സൂചന. വിഷയം രാഷ്ട്രീയ മുതലെടുപ്പിന് വഴിവെച്ചേക്കുമെന്ന ഭയവും സര്‍ക്കാരിനുണ്ട് . ഇന്ന് നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷം പ്രസിഡന്റ് മാധ്യമങ്ങളെ കാണുന്നുണ്ട്. സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ തീരുമാനം പിന്‍വലിക്കുന്നത് അപ്പോള്‍ അറിയിച്ചേക്കും.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തിലാണ് ഇക്കൊല്ലം മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം മതിയെന്ന് തീരുമാനിച്ചത്. ഇതിനെതിരെ പ്രതിഷേധത്തിന് ബിജെപിയും ഹിന്ദു സംഘടനകളും രംഗത്ത് വന്നിരുന്നു. കോടതിയെ സമീപിക്കുമെന്ന് ചില സംഘടനകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകുന്നത്.
തിരക്ക് ഏറുമ്പോള്‍ പ്രതിഷേധവും സംഘര്‍ഷവും ഒഴിവാക്കാനാണ് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയതെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരില്‍ അധികവും സ്പോട്ട് ബുക്കിങ്ങിലൂടെയാണ് സന്നിധാനത്തേക്ക് മലകയറുന്നത്. പലരും വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാതെ ആണ് മല കയറാന്‍ വരുന്നത്.
പന്തളം, ചെങ്ങന്നൂര്‍, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിംഗ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. ഇതാണ് വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിച്ചത്. പ്രതിഷേധം ഉയര്‍ന്നതോടെ നിലയ്ക്കലും പമ്പയിലും മാത്രമായി സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. വിര്‍ച്വല്‍ ക്യൂവഴി ഒരു ദിവസം പരമാവധി 80,000 ഭക്തരെ ആണ് സന്നിധാനത്തേക്ക് കടത്തി വിടാന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചത്. സാധാരണ ബുക്ക് ചെയ്യുന്നവരില്‍ 15 ശതമാനത്തോളം ആളുകള്‍ വരാതിരിക്കുകയാണ് പതിവ്. ഈ ഒഴിവില്‍ സ്പോട്ട് ബുക്കിങ്ങിലുടെ എത്തുന്നവരെ കടത്തിവിടുകയാണ് ചെയ്തിരുന്നത്. ഈ രീതി തുടരാനാണ് സാധ്യത. എന്നാല്‍ പരമാവധി 80,000 എന്ന പരിധി നിലനിര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്.
67 1 minute read