തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തനിക്കുനേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കുഴല്‍പ്പണ കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീശനു പിറകില്‍ ശോഭാ സുരേന്ദ്രനാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഇതെന്നും വാര്‍ത്തയ്ക്ക് പിറകില്‍ രാഷ്ട്രീയത്തില്‍ ശോഭാ സുരേന്ദ്രന്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണെന്നും ശോഭ പറഞ്ഞു.
‘ശോഭാ സുരേന്ദ്രന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇ.പി.ജയരാജനും തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിവച്ച് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് വീട്ടിലേക്ക് വിടാനാണ് ആരുടെയെങ്കിലും ശ്രമമെങ്കില്‍, ആ ശ്രമിക്കുന്നവന്റെ മുഖപടം കേരളത്തിന് മുന്നില്‍ ചീന്തിയെറിഞ്ഞ് കളയാനുള്ള ആവശ്യത്തിനും അത്യാവശ്യത്തിനുമുള്ള ബന്ധങ്ങള്‍ എനിക്കും കേന്ദ്രത്തിലുണ്ട്. സതീശന്റെ വാട്‌സാപ്പ് സന്ദേശങ്ങളും ഫോണ്‍കോളും എടുപ്പിക്കാന്‍ പിണറായി വിജയന്റെ കൂടെയുള്ള പൊലീസുകാര്‍ക്ക് മാത്രമല്ല കഴിവുള്ളത്. അതു മനസ്സിലാക്കണം.” ശോഭ പറഞ്ഞു.
സതീശന് ജപ്തി ഭീഷണി ഉണ്ടായിരുന്നു. കുറച്ചു തുക ലോണിലേക്ക് അടച്ചുവെന്ന് സതീശന്‍ പറഞ്ഞു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന സതീശന് ലോണടയ്ക്കാനുള്ള തുക എവിടെ നിന്നാണ് ലഭിച്ചത്. സതീശന്റെ പിന്നില്‍ ആരാണെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിക്കെതിരെയും നിരവധി ആരോപണങ്ങള്‍ ശോഭ ഉന്നയിച്ചു.
”വലിയ ഡോണാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണയെ ചില കാര്യങ്ങളില്‍ ചോദ്യം ചെയ്യാന്‍ പോകുന്നിതിനിടയിലാണ് പി.പി.ദിവ്യ ഇറങ്ങിവന്നത്. വീണയുടെ സുഹൃത്താണ് ദിവ്യ. കരുവന്നൂരിലെ പ്രശ്‌നം അവസാനിപ്പിച്ചില്ല. കരുവന്നൂര്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍, കേസ് അട്ടിമറിക്കാന്‍ കണ്ണൂരിലെ ഇടതുനേതാക്കള്‍ ശ്രമിക്കുന്നുണ്ട്. നിങ്ങള്‍ക്കെന്നെ കൊല്ലാം, ഇല്ലാതാക്കാന്‍ കഴിയില്ല. എന്റെ പൊതുപ്രവര്‍ത്തനത്തെ അവസാനിപ്പിക്കാന്‍ ഇല്ലാത്ത ആരോപണം കൊണ്ട് സാധിക്കില്ല” ശോഭ പറഞ്ഞു. ആര്‍ക്കാണ് ശോഭാ സുരേന്ദ്രനോട് ഇത്ര ശത്രുതയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടും അവര്‍ പ്രതികരിച്ചു.
”പിണറായി വിജയനാണ് എന്നോട് ഏറ്റവും ശത്രുത. അദ്ദേഹത്തിന്റെ മകന്റെ ഭാര്യാപിതാവിന്റെ കഥ കേരളത്തില്‍ പറഞ്ഞതുകൊണ്ടാണ് എന്നോട് പിണറായിക്ക് വെറുപ്പ്. വീണയ്ക്കു കരിമണല്‍ കര്‍ത്തയുമായുള്ള ബന്ധം പറഞ്ഞു. ആലപ്പുഴയില്‍ മത്സരിച്ച സമയത്ത്, അനധികൃതമായി മണലൂറ്റ് നടത്തുന്നതിനെ കുറിച്ച് ഞാന്‍ സംസാരിച്ചു. ഇതെല്ലാം പറഞ്ഞാല്‍ പിന്നെ ശോഭയ്ക്കെതിരെ ശത്രുക്കള്‍ ഉണ്ടാകില്ലേ?” അവര്‍ ചോദിച്ചു.
85 1 minute read