തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) വായ്പയായി മാത്രമേ തരാനാകൂയെന്ന കേന്ദ്ര നിലപാട് കേരളത്തോടുള്ള ചതിയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. പദ്ധതിയുടെ ഗുണഭോക്താക്കള്‍ കേരളമല്ല, കേന്ദ്ര സര്‍ക്കാരാണ് എന്നുപോലും മനസിലാക്കാതെയാണ് കേന്ദ്രം നിലപാട് സ്വീകരിക്കുന്നത്.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നല്‍കാന്‍ ശുപാര്‍ശ നല്‍കിയത്. ഈ തുക ലഭിക്കണമെങ്കില്‍ കേരള സര്‍ക്കാര്‍ നെറ്റ് പ്രസന്റ് മൂല്യം(എന്‍പിവി) അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രം നിബന്ധന വയ്ക്കുന്നത്. അതായത്, ഏതാണ്ട് 10000-12000 കോടി രൂപ തിരിച്ചടയ്ക്കേണ്ടിവരും.
ഇത് സംസ്ഥാനത്തോടുള്ള ചതിയും വിവേചനവുമാണ്. തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിക്ക് 1,411 കോടി രൂപ വിജിഎഫ് അനുവദിച്ചപ്പോള്‍ ഇത്തരം നിബന്ധനകളൊന്നും ഉണ്ടായിരുന്നില്ല. വിജിഎഫ് തിരിച്ചടയ്ക്കണമെന്ന് പറയുന്നത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ്. ഈ തുക തിരിച്ചടയ്‌ക്കേണ്ടതില്ല. ഒറ്റത്തവണ ഗ്രാന്റായി നല്‍കുന്നതാണ്. ഇപ്പോള്‍ തുക വായ്പയായി വ്യാഖ്യാനിക്കുകയും അതിന്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കുകയുമാണ് ചെയ്യുന്നത്.
ഇത് വിജിഎഫിന്റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണെന്ന് വി എന്‍ വാസവന്‍ പറഞ്ഞു. വിജിഎഫ് ലഭ്യമാക്കാനുള്ള കരാര്‍ ഉണ്ടാക്കുന്നത് കേന്ദ്രസര്‍ക്കാരും അദാനി കമ്പനിയും തുക നല്‍കുന്ന ബാങ്കും തമ്മിലാണ്. എന്നാല്‍ തിരിച്ചടയ്ക്കാനുള്ള കരാര്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ വേണം എന്നാണ് വിചിത്രമായ നിബന്ധനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം തുറമുഖത്തിന് നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാനത്തിന്റെ വായ്പയാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിബന്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ കത്തയച്ചിരുന്നു.
72 1 minute read