എന്തെല്ലാം ചിന്തകളിലൂടെയാണ് ഓരോരുത്തരും ദിവസവും കടന്നുപോകുന്നത്. രാവിലെ എന്ത് പാചകം ചെയ്യണമെന്നും എന്ത് കഴിക്കണമെന്നും തുടങ്ങി ഓരോ മിനിറ്റിലും പലതീരുമാനങ്ങളും എടുത്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇത്തരത്തിലുള്ള മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ഒരു വിദ്യ കണ്ടെത്തിയിരിക്കുകയാണ് ഒരു ജപ്പാന്കാരന്. ദിവസം കഴിക്കുന്ന ഭക്ഷണമടക്കം ഒരേചര്യ പിന്തുടരുന്നതിലൂടെ സമയം ലാഭിക്കാമെന്നാണ് ഗോകിറ്റ എന്ന 38-കാരന്റെ വാദം. 15 വര്‍ഷമായി വ്യക്തിജീവിതത്തിലെ തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ടാത്ത ഒരു ജീവിതശൈലിയാണ് ഗോകിറ്റ തുടരുന്നത്. ജപ്പാനിലെ ടി.ബി.എസ്.ടെലിവിഷനാണ് ഗോകിറ്റയുടെ ജീവിതകഥ പുറംലോകത്തെത്തിച്ചത്.
വിവരസാങ്കേതിക വിദ്യാ മേഖലയിലാണ് ഗോകിറ്റ പ്രവര്‍ത്തിക്കുന്നത്. 15 വര്‍ഷം മുമ്പ് ജോലിയില്‍ പ്രവേശിച്ചപ്പോള്‍ അനേകം തീരുമാനങ്ങളെടുക്കല്‍ തന്നെ അലട്ടുന്നതായി ഗോകിറ്റ തിരിച്ചറിഞ്ഞു. എടുക്കുന്ന തീരുമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും അതിനായി ചെലവഴിച്ച സമയവും ഊര്‍ജവും ലാഭിക്കുന്നതിനും തന്റെ വ്യക്തിജീവിതത്തില്‍ ചില വെട്ടികുറയ്ക്കലുകള്‍ നടത്താനും അദ്ദേഹം തീരുമാനമെടുത്തു.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞ 15 വര്‍ഷമായി എല്ലാ ദിവസവും ഗോകിറ്റ പ്രഭാതഭക്ഷണത്തിന് നട്സും ജപ്പാനീസ് നൂഡില്‍സ് വിഭവവുമാണ് കഴിക്കുന്നത്. ഉച്ചഭക്ഷണത്തിന് ചിക്കന്‍ ബ്രെസ്റ്റും, അത്താഴത്തിന് ബീന്‍സ് മുളപ്പിച്ചതും വറുത്ത പന്നിയിറച്ചിയുമാണ് ഗോകിറ്റയുടെ സ്ഥിരം വിഭവങ്ങള്‍. സമീകൃതാഹാരത്തിനായി നിശ്ചിത അളവിലുള്ള പോഷക സപ്ലിമെന്റുകളും അദ്ദേഹം പതിവായി കഴിക്കുന്നുണ്ട്.
ഭക്ഷണത്തെ ചൊല്ലിയുള്ള തലവേദന ഒഴിവാക്കിയതിന് പുറമെ എല്ലാ ദിവസവും ഒരുപോലത്തെ വസ്ത്രം ധരിച്ചുകൊണ്ട് എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്ന സമയവും ഗോകിറ്റ കുറച്ചു. ഷേവിംഗ്, അലക്കല്‍, നഖംമുറിക്കല്‍ തുടങ്ങിയ വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കൃത്യമായ സമയവും ഷെഡ്യൂള്‍ ചെയ്താണ് ഗോകിറ്റയുടെ ജീവിതം.
വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് കുറയ്ക്കുന്നതിലൂടെ സുഗമമായി പ്രവര്‍ത്തിക്കാനും മാനസിക സമ്മര്‍ദം കുറയ്ക്കാനും സാധിച്ചതായാണ് ഗോകിറ്റയുടെ പ്രതികരണം. എന്നാല്‍ ഈ ജീവിതശൈലി അദ്ദേഹത്തിന് എന്തെങ്കിലും ദോഷങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അദ്ദേഹം പ്രതികരണം നടത്തിയിട്ടില്ല.
88 1 minute read