കൊല്ലം: വിഭാഗീയതയെ തുടര്‍ന്ന് സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ട കൊല്ലം കരുനാഗപ്പള്ളിയില്‍ കൂടുതല്‍ നടപടികളിലേക്ക് സംസ്ഥാന നേതൃത്വം. പാര്‍ട്ടി ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും കരുനാഗപ്പള്ളിയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചില്ലെന്നാണ് വിമര്‍ശനം.
സൂസന്‍ കോടിക്കൊപ്പമുളള വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആര്‍.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോര് പാര്‍ട്ടിയെ പ്രദേശികമായി തകര്‍ക്കുന്നുവെന്നാണ് ആക്ഷേപം. സൂസന്‍കോടി, പി.ആര്‍.വസന്തന്‍ തുടങ്ങി കരുനാഗപ്പള്ളിയില്‍ നിന്നുള്ള സംസ്ഥാന ജില്ലാ ഭാരവാഹികളെ ഈ സമ്മേളന കാലത്ത് തരംതാഴ്ത്താനാണ് സാധ്യത. പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം നടത്തിയ വിമതര്‍ക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും.
കരുനാഗപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇല്ലാതെയാണ് ഇത്തവണ ജില്ലാ സമ്മേളനം നടക്കാന്‍ പോകുന്നത്. സംസ്ഥാന സമ്മേളനത്തിലും കരുനാഗപ്പള്ളിക്ക് പ്രാതിനിധ്യം ഉണ്ടാകില്ല. അതേസമയം ഏരിയ കമ്മിറ്റിക്ക് പകരമുള്ള ഏഴംഗ അംഗ അഡ്‌ഹോക്ക് കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും.
185 Less than a minute