ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കപ്പെടുന്നത് വിവാഹങ്ങള്‍ക്കാണ്. പല വിവാഹങ്ങളും കോടിക്കണക്കിന് രൂപയുടെ ബിസിനസായി മാറിയിരിക്കുന്നു. ഇതിനിടെയാണ് മീററ്റില്‍ നിന്നുള്ള ഒരു വിവാഹ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ പതിവായുള്ള നൃത്തങ്ങളോ ആര്‍ഭാഢങ്ങളോ അല്ല വീഡിയോയെ വ്യത്യസ്തമാക്കുന്നത്, മറിച്ച് ‘പണ’ ത്തിന്റെ സാന്നിധ്യമാണ്. ഒരു മുസ്ലീം വിവാഹത്തില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്. വലിയ തോതിലുള്ള പണമാണ് വിവാഹത്തിനിടെ കൈമാറിയത്. ഇതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.
വധുവിന്റെ കുടുംബം 2.5 കോടി രൂപ വരന് കൈമാറുന്നതാണ് വീഡിയോയിലുള്ളത്. വധുവിന്റെ ബന്ധുക്കള്‍ വരന്റെ ഷൂസ് മോഷ്ടിക്കുന്ന ഇന്ത്യന്‍ വിവാഹങ്ങളിലെ പതിവ് സമ്പ്രദായമായ ‘ജൂത ചുരായ്’ പാരമ്പര്യത്തിന്റെ ഭാഗമായി വരന്റെ സഹോദരീ ഭര്‍ത്താവിന് 11 ലക്ഷം രൂപ വേറെയും സമ്മാനമായി നല്‍കി. നിക്കാഹ് ചടങ്ങിന് നേതൃത്വം നല്‍കിയ മുസ്ലിം പണ്ഡിതന് ലഭിച്ചത് 11 ലക്ഷം രൂപ. വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച പ്രാദേശിക പള്ളിക്ക് 8 ലക്ഷം രൂപയും സമ്മാനമായി നല്‍കി.
മീററ്റിലെ എന്‍എച്ച് -58 ലെ ഒരു റിസോര്‍ട്ടില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വിവാഹ വീഡിയോയില്‍ ഓരോ തവണ വിളിച്ച് പറഞ്ഞ ശേഷമാണ് പണം നിറച്ച സ്യൂട്ട്‌കേസുകള്‍ വലിയ ജനക്കൂട്ടത്തിനിടയിലൂടെ വരന്റെ കുടുംബത്തിന് കൈമാറിയത്. ‘രണ്ട് കോടി നല്‍കുന്നു. കാര്‍ വാങ്ങാന്‍ 75 ലക്ഷം രൂപ നല്‍കുന്നു’ എന്ന് ഒരാള്‍ വീഡിയോയില്‍ പറയുന്നു. പിന്നാലെ മൂന്ന് വലിയ നീല പെട്ടികളാണ് കൈമാറുന്നത്. പിന്നാലെ വരന്റെ കുടുംബം എട്ട് ലക്ഷം രൂപ ഗാസിയാബാദിലെ പള്ളിക്ക് സംഭാവന ചെയ്തതായി പ്രഖ്യാപിച്ച് കൊണ്ട് പണം വധുവിന്റെ കുടുംബത്തിന് നല്‍കുന്നു.
പിന്നാലെ വിവാഹത്തിന് കാര്‍മികത്വം വഹിച്ച പുരോഹിതന് 11 ലക്ഷം രൂപയും ഷൂ മോഷ്ടിക്കുന്ന ആചാരത്തിന് മറ്റൊരു 11 ലക്ഷം രൂപയും നല്‍കുന്നു. ഇതോടെ വീഡിയോ അവസാനിക്കുന്നു. എന്നാല്‍ ഇത് ആരുടെ വിവാഹമാണെന്ന് വീഡിയോയില്‍ പറയുന്നില്ല. രാജ്യത്ത് ഇത്രയേറെ പണപ്പെരുപ്പം നിലനില്‍ക്കുമ്പോള്‍ നോട്ടുകെട്ടുകള്‍ വച്ച് വിവാഹം നടത്തിയതിനെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. മറ്റ് ചില സമൂഹ മാധ്യമ ഉപയോക്താക്കള്‍ സ്ത്രീധനം നിരോധിക്കപ്പെട്ടില്ലേ എന്ന് ചോദിച്ച് കുറിപ്പുകളെഴുതി.
60 1 minute read