ന്യൂ ഡൽഹി: സംഭലിലേക്ക് പോകാനൊരുങ്ങുന്ന രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി-യുപി അതിർത്തിയിൽ വെച്ചുതന്നെ തടയാനൊരുങ്ങി പൊലീസ്. അതിർത്തികളിൽ കൂറ്റൻ ബാരിക്കേഡുകൾ വെച്ചും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചുമാണ് ഇരുവരെയും പൊലീസ് നേരിടാനൊരുങ്ങുന്നത്.
. സംഭലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇരുവർക്കും പ്രദേശം സന്ദർശിക്കാൻ അനുമതി നൽകിയിട്ടില്ല. എന്നാൽ അവയെ വകവെയ്ക്കാതെ സന്ദർശനം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നിരിക്കെ നിയന്ത്രണം കടുപ്പിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് അടക്കമുള്ളവർ പൊലീസ് സേനയ്ക്ക് നിർദേശം നൽകിയിരുന്നു.
നാല് നിരകളിലായി ബാരിക്കേഡുകൾ വെച്ചാണ് നിയന്ത്രണം. പ്രദേശത്തുകൂടി കടന്നുപോകുന്ന വാഹനങ്ങളും കർശനമായി പരിശോധിക്കുന്നുണ്ട്. രാവിലെ പത്ത് മണിയോടെ രാഹുൽ ഗാസിപൂരിൽ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അതിന് മുന്നേ തടയാനാണ് പൊലീസ് ശ്രമം.