മാല പൊട്ടിക്കുക, പഴ്‌സ് തട്ടിപ്പറിക്കുക, മോഷ്ടിക്കുക തുടങ്ങി നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ഇത്തരം സംഭവങ്ങളുടെ ഞെട്ടിക്കുന്ന വീഡിയോകള്‍ പലപ്പോഴായി നാം സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു നടുക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ലഖ്‌നൗവിലെ വികാസ്‌നഗറിലെ ഒരു റോഡിലാണ് സംഭവം നടന്നത്. ഇതുവഴി നടന്നുപോവുകയായിരുന്ന യുവതിയുടെ കയ്യില്‍ നിന്നും ബൈക്കില്‍ പോവുകയായിരുന്ന രണ്ടുപേര്‍ പഴ്‌സ് തട്ടിപ്പറിക്കാന്‍ നോക്കുകയാണ്. പഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നു എന്ന് മാത്രമല്ല യുവതിയേയും വലിച്ചിഴച്ചുകൊണ്ട് ഏതാനും മീറ്ററുകള്‍ ബൈക്കോടിച്ച് പോവുകയും ചെയ്തു.
സമീപത്തുണ്ടായിരുന്ന സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. റീന ചൗഹാന്‍ എന്ന യുവതിയാണ് അക്രമത്തിന് ഇരയായത്. അലിഗഞ്ചിലുള്ള മക്കളുടെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നുവരികയായിരുന്നു യുവതി. ജാങ്കിപുരം ഗാര്‍ഡനിലെ താമസക്കാരിയാണ് റീന. ബല്‍റാംപൂരില്‍ ഇന്‍സ്പെക്ടറാണ് റീനയുടെ പിതാവ് ഒ. പി ചൗഹാന്‍.
ബൈക്കിലുണ്ടായിരുന്നവര്‍ പഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചെങ്കിലും റീന അത് വിടാതെ പിടിച്ചു. എന്നാല്‍, യുവതിയെയും വലിച്ചിഴച്ചുകൊണ്ട് ബൈക്ക് മുന്നോട്ട് പോവുകയായിരുന്നു. ഇത് യുവതിക്ക് പരിക്കേല്‍ക്കാനും കാരണമായിത്തീര്‍ന്നു. ഉടനെ തന്നെ റീന പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തില്‍ കേസന്വേഷണം നടക്കുകയാണ്.
130 Less than a minute