BREAKINGKERALA
Trending

ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണം; ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എന്‍ കെ സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്നാവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പ്രകാരം പൂരം നടത്താനാവില്ലെന്ന് ദേവസ്വങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നീരിക്ഷണം. ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അനിവാര്യമായ ആചാരമല്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളത്ത് തുടരാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
നവംബര്‍ 14 നാണ് സംസ്ഥാനത്തെ ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിബന്ധനകള്‍ മുന്നോട്ടുവച്ചുകൊണ്ട് ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെയുള്ള നിരവധി മാര്‍ഗനിര്‍ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഉത്തരവിട്ടത്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാന്‍ ആവശ്യമായ സ്ഥലം, പൊതുജനങ്ങളില്‍ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. ഹൈക്കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ജില്ലാ കളക്ടര്‍മാര്‍ക്ക് നിരീക്ഷണ ചുമതല നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Related Articles

Back to top button