തിരുവനന്തപുരം:വയനാട്ടിലെ മോഡല്‍ ടൗണ്‍ഷിപ്പിനുള്ള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിനെ കുരുക്കിലാക്കി ഹൈക്കോടതി വിധി. തര്‍ക്കം ഉന്നയിച്ച എസ്റ്റേറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൂര്‍ പണം നല്‍കണമെന്ന വ്യവസ്ഥ സമാനമായ കേസുകളില്‍ ഭാവിയില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നാണ് ഒരു വിഭാഗം നിയമവിദഗ്ധരുടെ അഭിപ്രായം. പക്ഷെ അപ്പീല്‍ പോയാല്‍ വയനാട്ടിലെ പുനരധിവാസം വൈകുമെന്നതാണ് പ്രശ്‌നം. ഇതിനാല്‍ തന്നെ കോടതി വിധി വന്നെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിലെ ആശയക്കുഴപ്പം വീണ്ടും തുടരുകയാണ്.
മനുഷ്യന്റെ ഹൃദയം അറിഞ്ഞ വിധിയെന്നായിരുന്നു ഹൈക്കോടതിയോടുള്ള റവന്യു മന്ത്രിയുടെ പ്രതികരണം. എന്നാല്‍, പ്രത്യക്ഷത്തില്‍ ആശ്വാസമെന്ന് തോന്നുന്ന വിധിയില്‍ ആശങ്കയും ഏറയെന്നാണ് വിലയിരുത്തല്‍. വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പുകളുടെ നിര്‍മ്മാണത്തിന് നെടുമ്പാല എസ്റ്റേറ്റില്‍ 65.41 ഹെക്ടറും കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്ന് 78.73 ഹെക്ടറും ആണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഹൈക്കോടതി വിധിപ്രകാരം 2013 ലെ ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ നിയമപ്രകാരം ഏറ്റെടുക്കലുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം.
നിയമപ്രകാരം ഉള്ള നഷ്ടപരിഹാരം സര്‍ക്കാരിന് തീരുമാനിച്ച് തുക എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണം. തര്‍ക്കമുണ്ടെങ്കില്‍ തോട്ടം ഉടമകള്‍ക്ക് നിയമവഴി തേടാം. കാലതാമസം ഒഴിവാക്കി ടൗണ്‍ഷിപ്പ് നിര്‍മ്മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയുമെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുക്കാത്തതിലാണ് ആശങ്ക. മാത്രമല്ല സര്‍ക്കാര്‍ മുന്‍കൂര്‍ പണം നല്‍കണമെന്ന് ഭൂമി കൈവശം വെച്ചവര്‍ ഉന്നയിച്ച ആവശ്യം കോടതി അതേ പടി അംഗീകരിച്ചിട്ടുമുണ്ട്.
കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലടക്കം ഹാരിസണ്‍ അടക്കം വന്‍കിട എസ്റ്റേറ്റുകളുടെ തോട്ട ഭൂമി തിരിച്ചുപിടിക്കലില്‍ സര്‍ക്കാര്‍ നിയമപോരാട്ടങ്ങളിലാണ്. തോട്ടം ഭൂമി കൈവശം വെച്ചവര്‍ക്ക് അനുകൂലമായ തീരുമാനം തോട്ടഭൂമി ഏറ്റെടുക്കലില്‍ ഭാവി കേസുകളെ കൂടി ബാധിക്കുന്നതാണെന്നാണ് നിയമവിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ വിധിക്കെതിരെ അപ്പീല്‍ പോകണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പക്ഷെ വീണ്ടും നിയമനടപടിയിലേക്ക് പോയാല്‍ വയനാട്ടിലെ ടൗഷിപ്പ് ഇനിയും നീളും. തുടര്‍ നടപടികളെ കുറിച്ച് തിരക്കിട്ട ആലോചനയിലാണ് റവന്യു വകുപ്പ്.
146 1 minute read