BREAKINGKERALA

‘ഭരണവിരുദ്ധ വികാരം, വോട്ട് ചോര്‍ച്ച’; സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും, തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. പാര്‍ട്ടിയുടെ നയ സമീപനങ്ങളില്‍ പരിശോധന വേണമെന്ന ആവശ്യം മുതിര്‍ന്ന നേതാക്കളില്‍ നിന്നും ഘടകകക്ഷി നേതാക്കളില്‍ നിന്നും ഒരുപോലെ ഉയരുന്നതിനിടെയാണ് സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്നത്. പാര്‍ട്ടി കേഡര്‍മാരുടെ വോട്ട് ചോര്‍ന്നതും വലിയൊരു പങ്ക് ബിജെപിയിലേക്ക് പോയതും അതീവ ഗുരുതരമായ പ്രശ്‌നമായാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌വിലയിരുത്തിയത്.
ഭരണവിരുദ്ധ വികാരം തോല്‍വിക്ക് കാരണമായോ എന്നും സംസ്ഥാന സമിതി പരിശോധിക്കും. തെറ്റുതിരുത്തല്‍ നടപടികള്‍ക്കുള്ള മാര്‍ഗ്ഗരേഖയുടെ കരടും തയ്യാറാക്കും. മൂന്ന് ദിവസത്തെ സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും നിലപാടും ഇടപെടലും ഇഴകീറി പരിശോധിക്കുന്ന ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ വിമര്‍ശനങ്ങള്‍ക്കും സാധ്യതയുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂര്‍ ഒഴികെ എല്ലാ സീറ്റുകളിലും വന്‍ തോല്‍വിയാണ് പാര്‍ട്ടി ഏറ്റുവാങ്ങിയത്.
പാര്‍ട്ടി ഗ്രാമങ്ങളില്‍പ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം. പാര്‍ട്ടി കോട്ടകളില്‍ പോലും ഇടതുസ്ഥാനാര്‍ത്ഥികള്‍ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നുമാണ് സിപിഎം വിലയിരുത്തല്‍. മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും. തിരുത്തല്‍ നടപടികള്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നല്‍കും. സംസ്ഥാന സമിതിയുടെ അഭിപ്രായം കൂടി കേട്ട ശേഷം മാര്‍ഗ്ഗ രേഖ അന്തിമമാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button