BREAKINGNATIONAL

ഫാന്‍ അക്കൗണ്ട് കൊടുത്ത പണി, യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് പൊലീസ്

മുംബൈ: യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്രയിലെ സൈബര്‍ പൊലീസ്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മകളെ കുറിച്ച് എക്സില്‍ വ്യാജ സന്ദേശം പോസ്റ്റ് ചെയ്ത ഒരു പാരഡി അക്കൗണ്ടിനെ കുറിച്ചുയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ലോക്സഭാ സ്പീക്കറുടെ മകള്‍ യുപിഎസ്‌സി പരീക്ഷയില്‍ ഹാജരാകാതെ പാസായെന്നാണ് പരാതിക്ക് അടിസ്ഥാനമായ പോസ്റ്റില്‍ പറയുന്നതെന്ന് സൈബര്‍ പൊലീസ് വിശദീകരിച്ചു.
@dhruvrahtee എന്ന അക്കൗണ്ടിലാണ് ഇത് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതൊരു ഫാന്‍, പാരഡി അക്കൗണ്ടാണ്, @dhruvrathee എന്നയാളുടെ യഥാര്‍ത്ഥ അക്കൗണ്ടുമായി അഫിലിയേറ്റ് ചെയ്തിട്ടില്ല. ആള്‍മാറാട്ടം നടത്തുകയല്ല, ഇത് പാരഡി അക്കൗണ്ട് ആണെന്ന് കൃത്യമായി വിവാദമായ അക്കൗണ്ടിന്റെ ബയോയില്‍ പറയുന്നുമുണ്ട്.
അതേസമയം, തനിക്കെതിരെ പൊലീസ് കേസെടുത്തുവെന്ന വാര്‍ത്തയോട് കടുത്ത ഭാഷയിലാണ് ധ്രുവ് പ്രതികരിച്ചത്. വസ്തുതകള്‍ പരിശോധിക്കാതെ തന്റെ പേര് വലിച്ചിഴച്ചതിന് ഒരു മാധ്യമ സ്ഥാപനത്തെ അദ്ദേഹം വിമര്‍ശിച്ചു. ‘ഈ ആരോപിക്കപ്പെടുന്ന പോസ്റ്റ് വന്നത് പാരഡി ട്വിറ്റര്‍ അക്കൗണ്ടിലാണെന്ന് കണ്ണുകള്‍ ഉപയോഗിച്ച് നോക്കൂ. എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല” – ധ്രുവ് പറഞ്ഞു.
ഓം ബിര്‍ളയുടെ ബന്ധുവാണ് വ്യാജ പ്രചാരണം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പരാതിയെത്തുടര്‍ന്ന്, യുട്യൂബര്‍ക്കെതിരെ അപകീര്‍ത്തിപ്പെടുത്തല്‍, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വം അപമാനിക്കല്‍, ഐടി വകുപ്പുകള്‍ എന്നിവ ചുമത്തി ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കുകയായിരുന്നു.
ആരോപിക്കപ്പെടുന്ന വ്യാജ സന്ദേശം പോസ്റ്റ് ചെയ്തത് ഒരു പാരഡി അക്കൗണ്ടിലാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ വിഷയം അന്വേഷിക്കുകയാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വിവാദമായതോടെ ഫാന്‍ അക്കൗണ്ടില്‍ വന്ന പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. സൈബര്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം അഞ്ജലി ബിര്‍ളയെക്കുറിച്ചുള്ള എല്ലാ പോസ്റ്റുകളും കമന്റുകളും ഡിലീറ്റ് ചെയ്തുവെന്നും വസ്തുതകള്‍ അറിയാതെ മറ്റൊരാളുടെ ട്വീറ്റുകള്‍ പകര്‍ത്തി ഷെയര്‍ ചെയ്തതിനാല്‍ ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് പുതിയ പോസ്റ്റില്‍ പറയുന്നത്.

Related Articles

Back to top button